ജിദ്ദ - ന്യൂസിലാന്റിലെ ഏറ്റവും മുതിർന്ന മുസ്‌ലിം പോലീസ് ഓഫീസറായ നൈല ഹസൻ ഹജ് കർമം നിർവഹിക്കുന്നതിന് പുണ്യഭൂമിയിലെത്തി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥിയായാണ് നൈല ഹസൻ ഹജിനെത്തിയിരിക്കുന്നത്. വിശുദ്ധ കഅ്ബ കാണണമെന്നും മക്കയിലേക്കും മദീനയിലേക്കും പോകണമെന്നുമുള്ള സ്വപ്‌നമാണ് ഇപ്പോൾ സാക്ഷാൽക്കരിച്ചിരിക്കുന്നതെന്ന് നൈല ഹസൻ പറഞ്ഞു. ഇന്ന് രാവിലെ വിശുദ്ധ കഅ്ബാലയം കണ്ടപ്പോൾ അടക്കാനാകാത്ത ആഹ്ലാദം കൊണ്ട് തനിക്ക് ശ്വാസം നിലച്ചതു പോലെ തോന്നി. വ്യക്തിപരമായ ആത്മീയ യാത്രയേക്കാൾ ഉപരി ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സ്ത്രീകളുടെയും ആക്രമണത്തിൽ വിധവകളായി മാറിയ വനിതകളുടെയും പ്രതിനിധിയായും അവരെ പിന്തുണക്കുന്നതിനുമാണ് താൻ ഇവിടെ എത്തിയിരിക്കുന്നത്. പൂച്ചെണ്ടുകളും ഉപഹാരങ്ങളും സമ്മാനിച്ചും പാട്ടു പാടിയുമാണ് തന്നെയും സൽമാൻ രാജാവിന്റെ അതിഥികളായി ന്യൂസിലാന്റിൽനിന്ന് എത്തിയ മറ്റുള്ളവരെയും സൗദി അധികൃതർ സ്വീകരിച്ചത്. ഇത്തരമൊരു അനുഭവും ജീവിതത്തിൽ മുമ്പൊരിക്കലും തനിക്കുണ്ടായിട്ടില്ല. സൽമാൻ രാജാവിന്റെ മഹാമനസ്‌കതക്ക് നന്ദി പറയുന്നു. ന്യൂസിലാന്റ് ജനതയോട് വിശ്വസിക്കാനാവാത്ത ഉദാരതയാണ് സൽമാൻ രാജാവ് കാണിച്ചതെന്നും നൈല ഹസൻ പറഞ്ഞു.
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട 51 പേരുടെ അനുസ്മരണാർഥം നാലു മാസം മുമ്പ് സംഘടിപ്പിച്ച ചടങ്ങിൽ നൈല ഹസൻ വികാരാധീനയായി സംസാരിച്ചിരുന്നു. മാർച്ച് 15 ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മസ്ജിദുകളിൽ ഓസ്‌ട്രേലിയൻ ഭീകരൻ നടത്തിയ വെടിവെപ്പിൽ 51 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം മുസ്‌ലിംകൾക്ക് പിന്തുണ പ്രകടിപ്പിച്ച് ഓക്‌ലാന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ നൈല ഹസൻ വികാരനിർഭരമായി സംസാരിച്ചു. ഇസ്‌ലാമിക അഭിവാദ്യം കൊണ്ട് തുടങ്ങിയ പ്രസംഗത്തിൽ, മുസ്‌ലിം സമൂഹത്തിനും ആക്രമണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന എല്ലാവർക്കും പോലീസ് പിന്തുണ നൽകുമെന്ന് ജനക്കൂട്ടത്തിന് നൈല ഹസൻ ഉറപ്പു നൽകി.
എല്ലാ തരത്തിലുമുള്ള ഭീകരതയെയും ചെറുക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റവർക്കും സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കിയതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കളും ആക്രമണത്തിൽ പരിക്കേറ്റവരുമായ 200 പേർക്ക് ആണ് സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് ഈ വർഷം അവസരം ലഭിച്ചിരിക്കുന്നത്.