ദുബായ്- ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബായും അജ്മാനും തടവുകാരെ മോചിപ്പിക്കുന്നു. ശിക്ഷാ കാലാവധിക്കിടെ മികച്ച പെരുമാറ്റം കാഴ്ചവെച്ചവരേയും നിരാലംബ കുടുംബത്തിന്റെ ആശ്രിതരായവരേയുമാണ് വിട്ടയക്കുക. ദുബായ് 430 തടവുകാരെയും അജ്മാന്‍ 70 പേരെയുമാണ് വിട്ടയക്കുന്നത്.
അജ്മാനിലെ ജയിലുകളില്‍നിന്ന് 70 പേരെ മോചിപ്പിക്കാന്‍ യു.എ .ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് ഉത്തരവിറക്കിയത്. ദുബായിലെ വിവിധ രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിറക്കി. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്ന വിധത്തില്‍ പെരുന്നാളിന് മുമ്പ് തന്നെ ഇവരെ വിട്ടയക്കും.