ലഖ്‌നൗ- ബാബ്‌രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിനൊരുങ്ങുന്ന വിശ്വഹിന്ദു പരിഷത്ത് മൂന്ന് ട്രക്ക് ചുവന്ന ശിലകള്‍ അയോധ്യയിലെത്തിച്ചു. കല്ലുകള്‍ രാമജന്മഭൂമി മന്ദിരം നിര്‍മിക്കാനാണെന്ന് വി.എച്ച്.പി രാമജന്മഭൂമി പ്രതിനിധി പ്രകാശ് കുമാര്‍ ഗുപ്ത പറഞ്ഞു. നേരത്തെയും കല്ലുകള്‍ എത്തിച്ചിരുന്നുവെന്നും അഖിലേഷ് യാദവ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാംസേവക് പുരത്താണ് കല്ലുകള്‍ ഇറക്കിയിരിക്കുന്നത്. വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഇവിടെയാണ് ശിലകളുടെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി വലിയ ശിലകളാണ് എത്തിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ മാറിയതിനാല്‍ ഇപ്പോള്‍ തടസ്സങ്ങളില്ലെന്നും വി.എച്ച്.പി മാധ്യമ ഉപദേഷ്ടാവ് ശരദ് ശര്‍മ പ്രാന്തിയ പറഞ്ഞു.