മാലെ- ഇന്ത്യയില്‍ രാഷ്ട്രീയ അഭയവും പ്രവേശനവും നിഷേധിച്ചതിനെ തുടര്‍ന്ന് മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബിനെ മാലദ്വീപ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വിവരം മാലദ്വീപ് പോലീസ് ട്വിറ്ററിലാണ് സ്ഥിരീകരിച്ചത്.
കപ്പല്‍ തൊഴിലാളിയുടെ വേഷത്തില്‍ ഇന്ത്യയിലേക്കു കടന്ന അഹമ്മദ് അദീബിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ അഭയം നല്‍കിയിരുന്നില്ല. തൂത്തുക്കുടിയിലെത്തിയ അദ്ദേഹത്തെ തമിഴ്‌നാട് പോലീസ് കപ്പലില്‍ തന്നെ തടവിലാക്കിയിരുന്നു. തന്റെ പേരില്‍ മാലദ്വീപില്‍ ഒട്ടേറെ കേസുകളുണ്ടെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ രാഷ്ട്രീയ അഭയം തേടിയാണ് എത്തിയതെന്നും അദീബ് അറിയിച്ചെങ്കിലും ഇന്ത്യ ആവശ്യം തള്ളുകയായിരുന്നു.
തുടര്‍ന്ന്, തീരസംരക്ഷണ സേനാ അകമ്പടിയോടെ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ എത്തിച്ച് മാലദ്വീപ് അധികൃതര്‍ക്കു കൈമാറി. മാലദ്വീപില്‍ കരിങ്കല്ല് എത്തിച്ചു മടങ്ങിയ ഇന്ത്യന്‍ ചരക്കുകപ്പലില്‍ വേഷം മാറി കയറിയ അദീബിനെ വ്യാഴാഴ്ചയാണ് തൂത്തുക്കുടിയില്‍ കസ്റ്റഡിയിലെടുത്തത്. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ കരയ്ക്കിറങ്ങാന്‍ അനുവദിക്കാതെ കപ്പലില്‍ തന്നെ രണ്ടു ദിവസം കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു.
കപ്പലിലെ ഒമ്പത് ഇന്ത്യന്‍ ജീവനക്കാരെയും പുറത്തിറക്കിയിയിരുന്നില്ല. അദീബുമായി രാജ്യാന്തര അതിര്‍ത്തിയിലേക്കു തിരിച്ചപ്പോഴും ഇവര്‍ കപ്പലില്‍ ഉണ്ടായിരുന്നു. തിരികെ തൂത്തുക്കുടിയില്‍ എത്തിയതിനു ശേഷമാണ് ജീവനക്കാര്‍ക്കു തീരത്തിറങ്ങാന്‍ അനുമതി നല്‍കിയത്. മാലദ്വീപില്‍ അബ്ദുല്ല യമീന്‍ പ്രസിഡന്റായിരിക്കെ, 2015ല്‍ മൂന്നര മാസമാണ് അദീബ് വൈസ് പ്രസിഡന്റായത്. പിന്നീട്, യമീനെ വധിക്കാന്‍ ശ്രമിച്ചെന്നത് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടു.