Sorry, you need to enable JavaScript to visit this website.

'കുഞ്ഞിരാമന്റെ കുപ്പായം'

സിദ്ദീഖ് ചേന്ദമംഗല്ലൂർ

രണ്ട് സംസ്ഥാന പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിന് ശേഷം റിയാദിൽ പ്രവാസിയായിരുന്ന സിദ്ദീഖ് ചേന്ദമംഗല്ലൂർ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം. കേരളത്തിൽ 23 ൽപരം തിയേറ്ററുകളിലാണ് ഒരേ സമയം ചിത്രം പ്രദർശനത്തിന് എത്തിയത്. പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് സിനിമ സ്വീകരിച്ചത്. മതവും മതപരിവർത്തനവും സമൂഹത്തിൽ ഒരു രോഗമായി മാറിക്കൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുന്ന ചിത്രം വിശ്വാസത്തെ കച്ചവടം ചെയ്യുന്ന സിദ്ധന്മാരുടെ പൊള്ളത്തരങ്ങളും വെളിച്ചത്തു കൊണ്ടുവരുന്നു. 

 


പെണ്ണിനെയും പരിസ്ഥിതിയെയും സമൂഹം എത്രമാത്രം കരുതണമെന്നും ചിത്രം ഓർമിപ്പിക്കുന്നു. സമപ്രായക്കാരൊക്കെ കല്യാണം കഴിഞ്ഞു പോകുമ്പോഴും മതിയാവോളം പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന കുഞ്ഞിരാമന്റെ മകളും ചിട്ടിപ്പിരിവിനു വരുന്ന സ്ത്രീയും എപ്പോഴെങ്കിലും തനിച്ചാകേണ്ടി വരുമ്പോൾ തളർന്നു പോകരുതെന്നു വാശിയുള്ളവരാണ്. ഒരു സുപ്രഭാതത്തിൽ കുഞ്ഞിരാമൻ പെട്ടെന്ന് അപ്രത്യക്ഷനാകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുധ വല്ലാതെ തളർന്നു പോകുന്നുണ്ട്. പുരുഷന്റെ അഭാവത്തിൽ പട്ടിണിയിലായിപ്പോകുന്ന പെണ്ണിനേയും മക്കളേയും അവതരിപ്പിക്കുമ്പോൾ  ഒരു കൈ തൊഴിലെങ്കിലും കൈവശമുണ്ടെങ്കിൽ ഒരു നേരമെങ്കിലും കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ പറ്റുമെന്ന് ചിത്രം ഓർമപ്പെടുത്തുന്നുണ്ട്. സ്ത്രീപക്ഷ സിനിമയാണ് എന്നവകാശപ്പെട്ടിരുന്നെങ്കിലും ഒന്നോ രണ്ടോ ഡയലോഗുകളിൽ അത് സൂചിപ്പിച്ചു  എന്നല്ലാതെ സ്ഥിരമായി  മലയാള സിനിമയിലെ പുരുഷനു കീഴിൽ സ്വന്തമായ അസ്തിത്വമില്ലാതെ ഒതുങ്ങിപ്പോകുന്ന സ്ത്രീകളെ തന്നെ കുഞ്ഞിരാമന്റെ  കുപ്പായവും കാണിച്ചു തന്നു. ദൈന്യതയും ദുരിതവും പേറി  കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന കഥാപാത്രമായി സജിത മഠത്തിലിന്റെ അമ്മ വേഷം. മികച്ച അഭിനേത്രിയായതുകൊണ്ടു തന്നെ തന്റെ കഥാപാത്രത്തെ അവർ മികവുറ്റതാക്കിയിട്ടുണ്ട്. 


ഭർത്താവിന്റെ മതം മാറ്റത്തെ അദ്ദേഹത്തിന്റെ ഇഷ്ടവും ചോയ്‌സുമാണെന്നറിഞ്ഞ് സ്വീകരിക്കാനുള്ള ജനാധിപത്യ ബോധം പ്രകടിപ്പിച്ചതിലൂടെ സ്ത്രീകളെക്കുറിച്ചുള്ള പോസിറ്റീവ് കാഴ്ചപ്പാട് സിനിമ പങ്കുവെക്കുന്നു. മലയാളി പുരുഷന്റെ അധികാര ബോധത്തെ പരോക്ഷമായി ചോദ്യം ചെയ്യുന്നുണ്ട് സിനിമ. തലൈവാസൽ വിജയും സജിത മഠത്തിലുമാണ് പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധേയമായ ഒരു വേഷത്തിൽ സംവിധായകൻ മേജർ രവി അഭിനയിക്കുന്നുണ്ട്. പുതുമുഖങ്ങളായ ലിൻഡ കുമാർ, ഗിരിധർ, അശോക് മഹീന്ദ്ര തുടങ്ങിയവരും മെച്ചപ്പെട്ട അഭിനയം കാഴ്ച വെക്കുന്നു.

സത്യസന്ധനായ മഹല്ല് ഖത്തീബ് ആയാണ് മേജർ രവി വേഷമിടുന്നത്. ശ്രീരാമൻ, ലിന്റാ കുമാർ, ഗിരിധർ, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കൽ, സ്വാതി, ദർശിക എന്നിവരുമാണ്   ചിത്രത്തിലെ മറ്റു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരാം എന്റർടെയ്‌മെന്റ്, സെഞ്ചുറി വിഷ്വൽ മീഡിയ എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാജു നിർവഹിക്കുന്നു. സിദ്ദീഖ് ചേന്ദമംഗല്ലൂർ, ഹരിപ്രസാദ് കോളേരി എന്നിവർ തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ എഡിറ്റർ സഫ്തർ മർവയാണ്. സിറാജിന്റെ സംഗീതത്തിൽ മഖ്ബൂലും സിതാരയും പാടിയ പി.കെ. ഗോപിയുടെ ഗാനങ്ങൾ മനോഹരമായിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥയുടെ ജീവതാളം നിലനിർത്തുന്ന രാജേഷിന്റെ ക്യാമറയും ശ്രദ്ധേയമാണ്. ഷാജി പട്ടിക്കരയുടെ ടീം സിനിമയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. 


 

Latest News