മനില- ഫിലിപ്പൈൻ തീരത്ത് മൂന്നു ബോട്ടുകൾ മുങ്ങി നിരവധി പേർ മരിച്ചു. മധ്യ ഫിലിപ്പൈൻസ് തീരത്താണ് ബോട്ടുകൾ മുങ്ങിയത്. നിലവിൽ 14 പേരുടെ മൃതുദേഹങ്ങൾ അധികൃതർ കണ്ടെടുത്തിട്ടുണ്ട്. 25 പേർ മരിച്ചതായി മേഖല പോലീസ് ചീഫ് റെനി പാമുസ്‌പ്‌സൺ സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 55 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച്ച വൈകീട്ടാണ് കനത്ത കാറ്റിലും മഴയിലും പെട്ട് ബോട്ടുകൾ മുങ്ങിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഫിലിപ്പൈൻ വാർത്താ ഏജൻസി പുറത്ത് വിട്ടിട്ടുണ്ട്. നിരവധി ദ്വീപുകളുള്ള ഫിലിപ്പൈൻസിൽ ദ്വീപുകൾക്കിടയിൽ സഞ്ചരിക്കുന്നതിനായി ബോട്ട് സർവ്വീസുകളാണ് വ്യാപകമായി ആശ്രയിക്കുന്നത്. എങ്കിലും ബോട്ട് സുരക്ഷാ സംവിധാനങ്ങൾ ഇവിടെ നാമമാത്രമാണ്. കനത്ത മഴയും കാറ്റുമുണ്ടാകുമ്പോൾ ബോട്ടപകടങ്ങൾ ഇവിടെ പതിവാണ്.