ലക്‌നൗ- ഉന്നാവോയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറുമായി ബന്ധപ്പെട്ട യു.പിയിലെ പതിനേഴ് സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. ലക്‌നൗ, ഉന്നാവോ, ബാന്ദ, ഫത്തേപൂർ എന്നിങ്ങനെ നാലു ജില്ലകളിൽ സി.ബി.ഐ പരിശോധന നടത്തുകയാണ്. സി.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉന്നാവോ പെൺകുട്ടിയെ ഗുരുതരാവസ്ഥയിലാക്കിയ വാഹനാപകടത്തിനു പിന്നിൽ കുൽദീപ് സെൻഗാറാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. സി.ബി.ഐ സിതാപൂർ ജയിലിലെത്തി കുൽദീപ് സെൻഗാറിനെ ചോദ്യം ചെയ്തിരുന്നു. വിസിറ്റേഴ്‌സ് റെക്കോർഡുകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
പെൺകുട്ടി സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച ട്രെക്കിന്റെ ഉടമയേയും ക്ലീനറേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വായ്പ മുടങ്ങിയതിനാൽ ഫിനാൻസ് കമ്പനി കൊണ്ടുപോകുമെന്ന് ഭയന്നാണ് നമ്പർ പ്ലേറ്റിൽ ഗ്രീസ് പുരട്ടിയതെന്നാണ് ട്രക്ക് ഉടമയുടെ വാദം.
അതിനിടെ ഇരുപത് പേരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘത്തെ സി.ബി.ഐ വിപുലീകരിച്ചു. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെൻട്രൽ ഫൊറൻസിക് ലബോറട്ടറി സംഘം ലക്‌നൗവിലെത്തും. യുപി റായ്ബറേലിയിലെ ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദർശിച്ച് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്.