Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവര്‍ത്തകന്റെ മരണം; കേസ് ദുര്‍ബലമാക്കാന്‍ നീക്കമെന്ന് പോലീസിനെതിരെ ആക്ഷേപം

തിരുവനന്തപുരം- മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസ് ദുര്‍ബലമാക്കാന്‍ ശ്രമമെന്ന് ആക്ഷേപം. കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തത് ശ്രീറാമിനെതിരായ കേസ് ദുര്‍ബലമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ്‌ഐആര്‍ കേരള പോലീസിന്റെ ഔദ്യാഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കുമ്പോഴും ഒരു ദിവസം പിന്നിട്ടിട്ടും എഫ് ഐ ആര്‍ പുറത്തുവിടാത്തത് കേസിന്റെ വിവരങ്ങള്‍ മറച്ചുവെയ്ക്കാനാണെന്നും പറയുന്നു.
 മദ്യലഹരിയില്‍ വാഹനം ഓടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് വഫ ഫിറോസ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയിരുന്നു. യുവതിയെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്താതെ രണ്ട് വകുപ്പുകള്‍ ചുമത്തി പ്രതിയായി ചേര്‍ത്തിരിക്കയാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഈ മൊഴി പ്രസക്തമല്ലാതാകുമെന്നും വഫ ഫിറോസിന്റെ മൊഴി കൂട്ടുപ്രതിയുടെ മൊഴിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും ഇത് കേസ് ദുര്‍ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ, ഗുരുതരമായ പരിക്കില്ലാതിരുന്നിട്ടും ജയില്‍വാസം ഒഴിവാക്കാനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയില്‍ തുടരുന്നതെന്നും ആക്ഷേപമുണ്ട്.

 

Latest News