റായ്‌പൂർ- ഛത്തീസ്‌ഗഡിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവെപ്പിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ രാജ്നന്ദ് ഗാവോൺ ജില്ലയിലാണ് സംഭവം. മഹാരാഷ്‌ട്ര അതിർത്തിക്ക് സമീപം ഷെർപ്പറിനും സിതഗോട്ടക്കും ഇടയിൽ വെച്ചാണ് വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്ത് നിന്നും സ്‌ഫോടക വസ്‌തുക്കളും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായും പോലീസ് പറഞ്ഞു. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഈയാഴ്ച്ച തുടക്കത്തിൽ മൂന്നു വനിതകളടക്കം ഏഴു മാവോയിസ്റ്റുകൾ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം കൂടിയതിനെ തുടർന്നു ശക്തമായ തിരച്ചിലാണ് ഇവർക്കെതിരെ നടക്കുന്നത്.