ഏഴു കരാറുകൾ ഒപ്പിട്ടു നെതന്യാഹു ഇന്ത്യ സന്ദർശിക്കും
ജറൂസലം- ഇന്ത്യയും ഇസ്രായിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത് സ്വർഗത്തിലാണെന്നും ഭൂമിയിൽ അതു നടപ്പിൽ വരുത്തുകയാണന്നും ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
സംയുക്ത വാർത്താ സമ്മേളനത്തിൽ നെതന്യാഹു നടത്തിയ പരാമർശം മോഡിയടക്കമുള്ള ശ്രോതാക്കളുടെ പൊട്ടിച്ചിരിക്ക് കാരണമായി. ഇന്ത്യയും ഇസ്രായിലും സഹോദരികളാണെന്നായിരുന്നു മോഡിയെ വരവേറ്റ ആദ്യ ദിവസം നെതന്യാഹു പറഞ്ഞിരുന്നത്.
ബഹിരാകാശ സാങ്കേതിക വിദ്യ, കൃഷി, ജലസംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളിൽ ഏഴു കരാറുകളിൽ ഇന്ത്യയും ഇസ്രായിലും ഒപ്പുവെച്ചു. സൈബർ രംഗത്തടക്കം ഭീകരവാദം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ഒന്നിച്ചു പോരാടാൻ ഇരു രാജ്യങ്ങൾ ധാരണയിലെത്തി. നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ പ്രശ്‌നമടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ചർച്ചകളിലുടെ സമാധാനത്തിലേക്കും പ്രശ്‌ന പരിഹാരത്തിലേക്കും നീങ്ങാനാകുമെന്ന പ്രതീക്ഷ ഇസ്രായിൽ പ്രധാനമന്ത്രിയുമായി പങ്കുവെച്ചതായും മോഡി വ്യക്തമാക്കി.
ഇന്ത്യ ഇസ്രായിൽ സഹകരണം പുതിയ ചക്രവാളങ്ങളിലേക്ക് കടന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നെതന്യാഹുവിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിക്കുന്നതായി നെതന്യാഹു അറിയിച്ചു. 40 ദശലക്ഷം ഡോളറിന്റെ വ്യവസായ വികസന, ഗവേഷണ ഫണ്ട് രൂപീകരിക്കാൻ ഇരുരാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. കൃഷി ഉൾപ്പെടെയുള്ള പല മേഖലകളിലും ഇസ്രായിലിന് വൻ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും സഹകരിക്കാവുന്ന എല്ലാ മേഖലകളിലും സഹകരിക്കുമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.
2008 ലെ മുംബൈ ഭീകരാക്രമണത്തിനിടെ നരിമാൻ ഹൗസിൽനിന്ന് ഇന്ത്യക്കാരിയായ സാന്ദ്ര സാമുവൽ രക്ഷിച്ച, മോശെ ഹോൾട്‌സ് എന്ന ഇസ്രായിലി ബാലനെ മോഡി സന്ദർശിച്ചു. മാതാപിതാക്കളെ നഷ്ടമായ ബാലൻ ഇപ്പോഴും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. പ്രിയപ്പെട്ട മോഡി, നിങ്ങളെയും നിങ്ങളുടെ ഇന്ത്യയിലുള്ള ജനങ്ങളെയും ഞാൻ സ്‌നേഹിക്കുന്നുവെന്നാണ് മോഡിയെ കണ്ടപ്പോൾ മോശെ ഹോൾട്‌സ് പറഞ്ഞത്.