ചാവക്കാട്- കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. എടക്കഴിയൂർ മേഖലയിലെ എസ്.ഡി.പി.ഐ പ്രവർത്തകനായ ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ വീട്ടിൽ സി.എം.മുബീനെ (26) യാണ് ചാവക്കാട് ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, കുന്നംകുളം ഇൻസ്‌പെക്ടർ കെ.ജി.സുരേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കരുതുന്നയാളാണ് പിടിയിലായ മുബീൻ, കൃത്യത്തിന് ശേഷം ജില്ലയിലെ വിവിധ മേഖലകളിലായി ഒളിവിൽ കഴിഞ്ഞ മുബിൻ താവളം മാറുന്നതിനായി ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രി ഒമ്പതേമുക്കാലിനായിരുന്നു അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ പുന്ന സെന്ററിൽ ഇരിക്കുകയായിരുന്ന നിരവധി കേസുകളിലെ പ്രതിയായ കോൺഗ്രസ് ചാവക്കാട് പുന്ന ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദ് എന്നറിയപ്പെടുന്ന പുതുവീട്ടിൽ നൗഷാദി (40) നെയും സംഘത്തിലെ പ്രധാനികളായി മറ്റു മൂന്ന് പേരേയും മുഖം മൂടി സംഘം ആക്രമിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നൗഷാദ് മരിച്ചു. ഗുരുവായൂർ കോട്ടപ്പടി തെക്കേപുരക്കൽ വിബീഷ് (40), പാലയൂർ പുതുവീട്ടിൽ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവർക്ക് പരിക്കേറ്റിരുന്നു. നിരവധി ബൈക്കുകളിലെത്തിയമുഖം മൂടി സംഘമായിരുന്നു ആക്രമം നടത്തിയത്. നേരത്തെ പുന്നയിൽ വച്ച് നൗഷാദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം എസ്.ഡി.പി.ഐ പ്രവർത്തകൻ നസീബിനെ ആക്രമിച്ചതിന് പ്രതികാരമായാണ് പുന്ന നൗഷാദ് അടക്കമുള്ളവരെ ആക്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അന്വേഷണ സംഘത്തിലെ ഇൻസ്‌പെക്ടർമാരെ കൂടാതെ എസ്.ഐ ആനന്ദൻ, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, ആഷിഷ്, ശരത്, സിറ്റി പോലിസ് കമ്മീഷ്ണറുടെ കീഴിലെ ഷാഡോ പോലിസ് സംഘവും ചേർന്നായിരുന്നു അറസ്റ്റ്.
പടം