അമൃത്സർ- തനിക്ക് കുട്ടികളുണ്ടാകില്ലെന്നറിഞ്ഞ യുവാവ് കല്യാണത്തിന് നിർബന്ധിച്ചതിൽ ക്ഷുഭിതനായി അഞ്ചംഗ കുടുംബത്തെ വെടിവെച്ച് കൊന്നു ആത്മഹത്യ ചെയ്‌തു. പഞ്ചാബിലെ മോഗ വില്ലേജിലാണ് 27 കാരനായ സന്ദീപ് സിങ് തന്റെ വീട്ടിലെ അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്‍തത്. യുവാവിന്റെ എഴുപത് കാരിയായ മുത്തശ്ശി ഗുർദീപ് കൗർ, പിതാവ് മഞ്ചിത് സിങ് (55), മാതാവ് ബിന്ദർ കൗർ (50), സഹോദരി അമഞ്ചോട്ട് കൗർ (33), സഹോദരിയുടെ മകൾ അവനീത് കൗർ എന്നിവരെയാണ് യുവാവ് വെടിവെച്ച് കൊന്നത്. യുവാവിനെ വിവാഹത്തിനായി നിർബന്ധിച്ച കുടുംബം യുവാവിന്റെ സമ്മതമില്ലാതെ വിവാഹ തിയ്യതിയും ഉറപ്പിച്ചിരുന്നു. എന്നാൽ, തനിക്ക് കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു 27 കാരനായ യുവാവ്. മുത്തച്ഛന് വെടിയേറ്റെങ്കിലും ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.