മുംബൈ- മഹാരാഷ്‌ട്ര തീരത്ത് ചരക്കു കപ്പൽ നിയന്ത്രണം വിട്ടു കുടുങ്ങി. ഗുജറാത്ത് തീരത്ത് നിന്നും പുറപ്പെട്ട വലിയ ചരക്ക് കപ്പലാണ് കൊടുങ്കാറ്റും പരുക്കൻ കാലാവസ്ഥയും കാരണം നിയന്ത്രണം വിട്ടു പാറക്കലുകൾക്കിടയിൽ കുടുങ്ങിയത്. കപ്പലിലെ നാവികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മീൻ പിടുത്തകരാണ് നിയന്ത്രണം വിട്ട കപ്പലിനെ കുറിച്ച് അധികൃതർക്ക് വിവരം നൽകിയത്. പതിമൂന്ന് നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികൾ നടന്നു വരികയാണെന്നും വാൻഗോൺ പോലീസ് സ്റ്റേഷൻ ചീഫ് രാഹുൽ പാട്ടിൽ പറഞ്ഞു. ഗുജറാത്ത് തുറമുഖത്ത് നിന്നും സ്‌റ്റീലുമായി പുറപ്പെട്ട എം വി നന്ദഅപർണ്ണ എന്ന കപ്പലാണ് നിയന്ത്രണം വിട്ടു കടലിൽ കുടുങ്ങിയത്. തീരത്തെ പാറക്കെട്ടുകൾക്കിടയിലാണ് കപ്പൽ അകപ്പെട്ടതെന്നും പുലർച്ചെ നാല് മണിയോടെയാണ് കപ്പൽ നിയന്ത്രണം വിട്ടു ഇവിടെ കുടുങ്ങിയതായി വ്യക്തമായതെന്നും ക്യാപ്റ്റൻ വി വി പിള്ളൈ വാർത്താ ഏജൻസിയോട് ഫോണിൽ വ്യക്തമാക്കി. നാവികർ സുരക്ഷിതരാണെന്നും ആവശ്യത്തിന് വെള്ളവും ഭക്ഷണങ്ങളും കപ്പലിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രൊപ്പല്ലറുകളിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനാലാണ് കപ്പലിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.