കൊണ്ടോട്ടി- പാണ്ടിക്കാട് അങ്കണവാടിയെ ചൊല്ലിയുളള തർക്കം കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസ്-മുസ്‌ലിംലീഗ് തർക്കത്തിന് വഴിയൊരുങ്ങുന്നു. പതിനേഴ് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാണ്ടിക്കാട് അങ്കണവാടി ചേനാട്ട് ഭാഗത്തേക്ക് മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. കോൺഗ്രസ് അംഗവും മുൻ നഗരസഭാ ചെയർമാനുമായ സി.കെ.നാടിക്കുട്ടിയുടെ വാർഡിലാണ് പാണ്ടിക്കാട്ട് അങ്കണവാടി. ഇത് തൊട്ടടുത്ത വാർഡിലേക്കാണ് മാറ്റിയത്. ഇവിടെ മുസ്‌ലിം ലീഗിന്റെ പ്രതിനിധിയുമാണ്.
ഇന്നലെ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്-മുസ്‌ലിം ലീഗ് അംഗങ്ങൾ നേർക്ക് നേർ വന്നതും കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയതും യു.ഡി.എഫിനുളളിൽ പ്രശ്‌നം സങ്കീർണമാക്കി. പ്രശ്‌നത്തിന് പരിഹാരം കാണാനുളള ശ്രമങ്ങൾ നടന്നുവരികയാണ്. ഇടതു മുന്നണിയുമായി വേർപിരിഞ്ഞ കോൺഗ്രസ് കഴിഞ്ഞ വർഷമാണ് നഗരസഭയിൽ മുസ്‌ലിം ലീഗുമായി ചേർന്ന് യു.ഡി.എഫ് ഭരണത്തിലേറിയത്.