മക്ക- വിവിധ വകുപ്പുകൾ പൂർത്തിയാക്കിയ ഹജ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഇന്ന് പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ മേധാവികളും സെൻട്രൽ ഹജ് കമ്മിറ്റി അംഗങ്ങളും ഗവർണറെ അനുഗമിക്കും. സന്ദർശനം പൂർത്തിയാക്കിയ ശേഷം തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് വിവിധ വകുപ്പുകൾ തയാറാക്കിയ പദ്ധതികൾ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ മിനായിൽ ചേരുന്ന സെൻട്രൽ ഹജ് കമ്മിറ്റി വിശകലനം ചെയ്യും.
വെള്ളിയാഴ്ച വരെ വിദേശങ്ങളിൽ നിന്ന് 15,16,101 ഹാജിമാർ എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ 14,12,894 പേർ വിമാന മാർഗവും 86,359 പേർ കര മാർഗവും 16,848 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം ഇതുവരെ എത്തിയ തീർഥാടകരുടെ എണ്ണത്തിൽ ഒമ്പതു ശതമാനം വർധനവുണ്ട്. ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 8,21,792 തീർഥാടകർ മദീനയിലെത്തി. ഇക്കൂട്ടത്തിൽ 6,54,617 പേർ മദീന സിയാറത്ത് പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചു. വെള്ളിയാഴ്ചയിലെ കണക്കുകൾ പ്രകാരം 1,67,130 ഹാജിമാരാണ് പ്രവാചക നഗരിയിലുള്ളത്.