തേഞ്ഞിപ്പലം- സംസ്ഥാനത്ത് ജീവൻ രക്ഷാസംവിധാനമുള്ള 100 പുതിയ ആംബുലൻസുകൾ സെപ്റ്റംബറിൽ സേവന സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പ്രഖ്യാപനവും ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശനവും നിർവഹിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗങ്ങളിൽ സമ്പൂർണ ട്രോമാകെയർ സംവിധാനം സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അത്യാഹിത നിലയിലെത്തുന്നവരുടെ ശാരീരികാവസ്ഥയുടെ അടിസ്ഥാനത്തിൽ അടിയന്തര ചികിത്സ നൽകുന്ന സംവിധാനം നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ജീവൻ രക്ഷാ സംവിധാനങ്ങൾ അടങ്ങിയ 315 ആംബുലൻസുകൾ ആരോഗ്യ വകുപ്പ് വാങ്ങുന്നുണ്ട്. ഇതിൽ 100 എണ്ണമാണ് സെപ്റ്റംബറോടെ സേവന സന്നദ്ധമാവുക. ആരോഗ്യ വകുപ്പ് വിഭാവനം ചെയ്ത പദ്ധതി ചേലേമ്പ്ര പഞ്ചായത്ത് നേരത്തെ തന്നെ നടപ്പാക്കി മാതൃക കാട്ടിയെന്നും കഴിഞ്ഞ നാലു വർഷം കൊണ്ടു 30 വർഷത്തെ വികസനം ചേലേമ്പ്രയിൽ ഉണ്ടായായും മന്ത്രി പറഞ്ഞു. അത്യാഹിത ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഓരോരുത്തരും പ്രായോഗിക പരിജ്ഞാനം നേടണം. ചേലേമ്പ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും വികസന കാര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾ നടത്തണമെന്നും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പി അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി കലക്ടർ പി.എ അബ്ദുസമദ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ.എം മനോഹരൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി അജിത് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ സെറീന ഹസീബ്, എ.കെ. അബ്ദുറഹ്മാൻ, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി സജിത് കുമാർ, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സക്കറിയ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസ്മായിൽ, അഗ്‌നിശമന സേന നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, ഡി.ഡി.പി ഇൻ ചാർജ് ഇ.എ രാജൻ, ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജമീല മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.പി അമീർ, ചേലേമ്പ്ര പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ അബ്ദുൽ അസീസ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ കെ.എൻ ഉദയകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി. ശിവദാസൻ, തേഞ്ഞിപ്പലം സി.ഐ ജി. ബാലചന്ദ്രൻ, ഹീലിംഗ് ഹാൻസ് ഫൗണ്ടേഷൻ ഡയറക്ടർ കെ.ആർ വിമൽ, പ്രോഗ്രാം ഡയറക്ടർ ടി.എസ് അംജിത്, ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ എം നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം ജമീല മാന്ത്രമ്മൽ, പഞ്ചായത്തംഗങ്ങളായ അപ്പുട്ടി, ജമീല, കെപി കുഞ്ഞുമ്മുട്ടി, കെ. ദാമോദരൻ, എം. ബേബി, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ ഗംഗാധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് സ്വാഗതവും ചേലേമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. മേനക വാസുദേവ് നന്ദിയും പറഞ്ഞു. പ്രഥമ ശുശ്രൂഷ സാക്ഷരതാ പ്രഖ്യാപന ചടങ്ങിൽ സാമൂഹ്യ പ്രവർത്തക പുറ്റാട്ട് ശാന്തയെയും പഞ്ചായത്തംഗം സി.കെ.സുജിതയെയും പഞ്ചായത്തിനു വേണ്ടി മന്ത്രി ആദരിച്ചു. കവിയും ഗാനരചയിതാവുമായ പരത്തുള്ളി രവീന്ദ്രൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.ഗംഗാധരൻ നായർ, സുബ്രതോ മുഖർജി ഫുട്‌ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് നേടിയ നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കന്ററിയിലെ ഫുട്‌ബോൾ ടീം, കുളത്തിൽ അപകടത്തിൽപെട്ട മൂന്നു കുട്ടികളെ രക്ഷിച്ച ലത ടീച്ചർ, നാടൻപാട്ട് കലാകരൻ അതുൽ നറുകര എന്നിവരെയും അനുമോദിച്ചു.