സൈനിക സന്നാഹവും മുന്നറിയിപ്പുകളും താഴ് വരയെ ഭീതിയിലാക്കി
ശ്രീനഗര്‍- കശ്മീരില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ ജനങ്ങള്‍ ഭീതിയില്‍. സൈനിക സന്നാഹം വര്‍ധിപ്പിച്ചതിനു പുറമെ, ടൂറിസ്റ്റുകളോടും അമര്‍നാഥ് തീര്‍ഥാടകരോടും ഉടന്‍ താഴ്‌വര വിടാന്‍ നിര്‍ദേശിച്ചിരിക്കയാണ്. താഴ്‌വരയിലേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി.
പാക്കിസ്ഥാനില്‍നിന്ന് ഭീകരാക്രമണ ഭീഷണിയുണ്ടെന്നാണ് പുറമെ പറഞ്ഞിരിക്കുന്നതെങ്കിലും പലവിധ അഭ്യൂഹങ്ങളാണ് താഴ്‌വരയില്‍ പ്രചരിക്കുന്നത്.
ഭീതിയിലായ ജനങ്ങള്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കുന്ന തിരക്കിലാണ്. എന്താണ് സംഭവമെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചു.
പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നോ സംസ്ഥാന ഭരണകൂടത്തില്‍നിന്നോ ആരും മുന്നോട്ടുവരുന്നില്ല.
കശ്മീരിനു പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന 35 എ, 370 വകുപ്പുകള്‍ പിന്‍വലിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് നിരീക്ഷകര്‍ സംശയിക്കുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണെങ്കിലും ഈ നീക്കം താഴ്‌വരയില്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഭ്യൂഹങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ദ്വിദിന കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട നടപടികള്‍.