Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തലാഖ്: സമസ്ത വീണ്ടും  സുപ്രീം കോടതിയിൽ

മലപ്പുറം- ലോക്‌സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ലിനു പ്രസിഡന്റ് അംഗീകാരം നൽകിയതിനെ തുടർന്നു നിലവിൽ വന്ന മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത്  സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർക്കു വേണ്ടി അഡ്വ. പി.എസ് സുൽഫീക്കർ അലിയാണ് പെറ്റീഷൻ ഫയൽ ചെയ്തത്. ആർട്ടിക്കിൾ 14, 15, 21, 25 പ്രകാരം ഇന്ത്യൻ ഭരണ ഘടന രാജ്യത്തെ പൗരൻമാർക്കു ഉറപ്പു നൽകിയ മതസ്വാതന്ത്ര്യം, തുല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം. നേരത്തെ പ്രസിഡന്റ് പുറപ്പെടുവിച്ച മുത്തലാഖ് ഓർഡിനൻസുകൾക്കെതിരെ രണ്ടു തവണ സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ സമസ്തക്ക് കീഴിലുള്ള യുവജന വിഭാഗമായ എസ്‌വൈഎസ് പത്തു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് ഇന്ത്യൻ പ്രസിഡൻിനു മുമ്പാകെ ഭീമഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു. സമസ്തക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കപിൽസിബൽ, സൽമാൻ ഖുർഷിദ്, പി.എസ്. സുൽഫീക്കർ അലി്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ സുപ്രീം കോടതിയിൽ ഹാജരാകും.
ഇസ്‌ലാമിക ശരീഅത്തിന്റെ നിലനിൽപ്പിനു ദോഷമായി ബാധിക്കുന്ന നീക്കങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും മുത്തലാഖ് ബില്ല് രാജ്യസഭയിൽ പാസാകാതിരിക്കാൻ മതേതര പാർട്ടികൾ ജാഗ്രത കാണിക്കാതിരുന്നതു അത്യന്തം ഖേദകരമാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവിച്ചു.

Latest News