ന്യൂദൽഹി- വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാൻ സാധിക്കുന്ന തരത്തിൽ യുഎപിഎ നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാതെ സർക്കാർ വോട്ടിനിട്ട് ബില്‍ പാസാക്കുകയായിരുന്നു. 147 പേര്‍ അനുകൂലിച്ച് വോട്ട് ചെയതപ്പോള്‍ 42 പേര്‍ എതിര്‍ത്തു. ഇതോടെ വ്യക്തികളെ തീവ്രദാദികളായി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം ഉണ്ടാകും. ഭീകരരായി പ്രഖ്യാപിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും ഭേദഗതി ബില്‍ അധികാരം നല്‍കുന്നുണ്ട്. നേരത്തെ ബില്‍ ലോക്‌സഭയില്‍ എട്ടിനെതിരേ 287 വോട്ടുകൾക്ക് ബില് പാസാക്കിയിരുന്നു. അതേസമയം, ബില്ലിനെ എതിർത്ത് ചർച്ചകളിൽ പങ്കെടുത്ത കോൺഗ്രസ് ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ബില്ലിലെ രണ്ടു വ്യവസ്ഥകളോട് മാത്രമാണ് എതിർപ്പെന്നാണ് കോൺഗ്രസ് വാദം. എന്നാൽ, കോൺഗ്രസ് വാദം ദുരൂഹമാണെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. മുസ്‌ലിംലീഗ്, സി പി ഐ , സി പി എം എന്നീ പാർട്ടികൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്‌തു.
നേരത്തെ തന്നെ മുസ്ലിം-ദലിത് വിഭാഗങ്ങള്‍ക്കെതിരേ ദുരുപയോഗം ചെയ്യപ്പെടുന്ന ബില്‍ ഭേദഗതി കൂടി ചെയ്തതോടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഭീകരബന്ധം ആരോപിക്കുന്നയാളുടെ സ്വത്ത് സംസ്ഥാന സര്‍ക്കാരിന്റെയോ ഡി.ജി.പിയുടെയോ അനുമതി കൂടാതെ കണ്ടുകെട്ടാന്‍ ബില്‍ ഇനി അധികാരം നല്‍കും. എന്‍.ഐ.എ റാങ്കിലെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ പെട്ടയാള്‍ക്കും കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനുള്ള അനുമതിയും ബില്‍ നല്‍കുന്നുണ്ട്. നേരത്തെ ഡിവൈ.എസ്.പിയില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായിരുന്നു ചട്ടം.
തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല, മറിച്ച് മനുഷ്യരാശിക്ക് തന്നെ എതിരാണ്. അത് കൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ബിൽ ദുരുപയോഗം ചെയ്യില്ലെന്നും ബില്ലിനെ മുൻനിർത്തി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയില്ലെന്നും ബിൽ അവതരണ വേളയിൽ അമിത്ഷാ പറഞ്ഞു. സംഘടനകള്‍ നിരോധിക്കുമ്പോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ മറ്റൊരു സംഘടനയുണ്ടാക്കി പിന്നെയും പ്രവര്‍ത്തിക്കുന്നു. അത് കൊണ്ടാണ് വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 16 ആം ലോക സഭയിലും ബിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടക്കാൻ കഴിഞ്ഞിരുന്നില്ല. 1967 ലെ നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം ഭേദഗതി ചെയ്‌യുന്ന ബിൽ ജൂലൈ എട്ടിനാണ് അമിത്ഷാ അവതരിപ്പിച്ചത്.