ന്യൂദൽഹി- പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം പാർലമെന്റ് സമ്മേളനത്തിനു ശേഷം ചേരും. കെ.സി. വേണുഗോപാൽ മുന്നോട്ടു വച്ച വച്ച നിർദേശം എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. ഈ മാസം 7 വരെയാണു പാർലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നതെങ്കിലും 9 വരെ നീട്ടിയേക്കുമെന്നു സൂചനയുണ്ട്. കോൺഗ്രസിനെ ആര് നയിക്കണമെന്ന് യോഗത്തിൽ തീരുമാനം ഉണ്ടാകും. ഈ മാസം 8, 10 തീയതികളാണു പ്രവർത്തക സമിതി ചേരാൻ സാധ്യതയെന്നാണ് വിവരം. പ്രവർത്തക സമിതി കണ്ടെത്തുന്ന പ്രസിഡന്റിന് പിന്നീട് എ ഐ സി സി അംഗീകാരം നൽകും. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വെച്ചതോടെ അവസാന ഘട്ടത്തിൽ ഏതാനും പേരുടെ പേരുകൾ ഉയർന്നു വന്നുവെങ്കിലും ഇതു വരെ സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. അതേസമയം, പ്രിയങ്ക ഗാന്ധി പ്രസിഡന്റാകണമെന്ന മുതിർന്ന നേതാക്കളുടെ നിർദേശം സോണിയ ഗാന്ധി തള്ളിയതായി റിപ്പോർട്ടുണ്ട്. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ കഴിഞ്ഞ ദിവസം സോണിയയെ സന്ദർശിച്ചപ്പോഴായിരുന്നു പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.