മുംബൈ- ഓടുന്ന ബസില്‍വെച്ച് മാനഭംഗപ്പെടുത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റില്‍. രവീന്ദ്ര ബവന്‍തഡെയന്ന 48 കാരനാണ് അറസ്റ്റിലായത്. ലക്ഷ്വറി ബസില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് നടപടി.
ചന്ദര്‍പുര്‍ ജില്ലയിലെ നഗ്ഭിഡില്‍ ഒരു സ്‌കൂളിലെ അധ്യാപകനും സൂപ്പര്‍വൈസറുമായ ഇയാള്‍ക്കെതിരെ വിദ്യാര്‍ഥിനിയാണ് പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയത്. സിസിടിവി ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
ജൂണ്‍ 27-നാണ് ഗഡ്ചിരോലിയിലേക്കുള്ള ബസില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. വാഹനത്തിനകത്ത് വെച്ച് ഇതു രണ്ടാംതവണയാണ് രവീന്ദ്ര തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്തതായും പറയുന്നു.
ബസില്‍ വേറേയും യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആരും ഇടപെടുന്നതായി ദൃശ്യങ്ങളില്‍ ഇല്ല. പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ താന്‍ അടുത്തു പോയി എന്നാണ് രവീന്ദ്ര പോലീസിനോട് പറഞ്ഞത്. ബി.ജെ.പി നേതാവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍മേരി മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന രവീന്ദ്രയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബി.ജെ.പി നേതാവും ഗഡ്ചിറോലി ലോക്‌സഭാ അംഗവുമായ അശോക് നേതെ പറഞ്ഞു.