മാലിദ്വീപ് മുൻ ഉപരാഷ്‌ട്രപതി ഇന്ത്യയിൽ അറസ്‌റ്റിൽ

ചെന്നൈ- മാലിദ്വീപ് മുൻ ഉപരാഷ്‌ട്രപതി അഹമ്മദ് അദീപിനെ ഇന്ത്യയിൽ നിന്നും അറസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്ച്ച വൈകീട്ട് തൂത്തുക്കുടിയിൽ നിന്നും തമിഴ്‌നാട് പൊലീസാണ്അറസ്‌റ്റ് ചെയ്തത്. ചരക്കു കപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്‌റ്റ്. മുൻ മാലി രാഷ്‌ട്രപതി അബ്ദുല്ല യമീനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ നേടിരുന്ന അഹമ്മദ് അദീപ് ജൂലൈ 27 നാണു രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ. ചില അഴിമതി കേസുകളിലും പ്രതിയായ ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് മാലി അധികൃതരുടെ കസ്റ്റഡിയിലാണ്. അദീബിനെ കാണാതായതോടെ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുള്ളതായി മാലി അധികൃതർ സൂചന നൽകിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് അദീബിനെ പിടികൂടിയത്. ചരക്കു കപ്പലിലെ ജീവനക്കാരൻ എന്ന നിലയിലാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടന്നതെന്നാണ് റിപ്പോർട്ടുകൾ. 

Latest News