ന്യൂദൽഹി- ഈ രാജ്യത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. കേസിൽ വാദം നടക്കുന്നതിനിടെ വിതുമ്പിക്കരഞ്ഞ അമിക്കസ് ക്യൂറിയോട് കാര്യങ്ങൾ വിശദീകരിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യം ഉന്നയിച്ചത്.
എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ലെന്ന് അമിക്കസ് ക്യൂറി വി. ഗിരി കോടതിയിൽ വ്യക്തമാക്കി. ഒരു സാധാരണ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെൺകുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് ഇരയാകുന്നു. ഇരയുടെ പിതാവിനെ കേസ്സിൽ കുടുക്കി കസ്റ്റഡിയിൽ എടുക്കുന്നു. കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുന്നു. ബലാൽസംഗ കേസ് വിചാരണയ്ക്ക് വരാൻ സമയമായപ്പോൾ ഇര സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നു. ഇര ഇപ്പോൾ ജീവൻ നിലനിർത്താൻ വെന്റിലേറ്ററിലാണെന്നും പറഞ്ഞായിരുന്നു അമിക്കസ് ഏറെ വികാരത്തോടെ പറഞ്ഞത്. ഇതിന് ശേഷമായിരുന്നു ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്.