ലക്‌നൗ- ഉന്നാവോയിലെ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെനഗറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. നാലു തവണ എം.എൽ.എയായ സെനഗറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി മുഖം രക്ഷിക്കാനാണ് ബി.ജെ.പി ശ്രമം. ഉന്നാവോയിലെ പെൺകുട്ടിയും അഭിഭാഷകനും ദുരൂഹമായ വാഹനാപകടത്തിൽ ക്രൂരമായി പരിക്കേറ്റതിനും ഇവരുടെ രണ്ടു ബന്ധുക്കൾ അപകടത്തിൽ കൊല്ലപ്പെട്ടതിനും ശേഷമാണ് ബി.ജെ.പിയുടെ നടപടി. അപകടത്തിന് കാരണം സെനഗറും സഹായികളുമാണെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതിയുണ്ട്. ഈ കേസ് സി.ബി.ഐ അന്വേഷിക്കും. ഒരു വർഷമായിട്ടും ഈ എം.എൽ.എക്കെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് പുറത്താക്കൽ നടപടി പാർട്ടി എടുത്തിരിക്കുന്നത്.