ബെയ്ജിങ്- വടക്കന്‍ ചൈനയിലെ ഒരു വാട്ടര്‍ പാര്‍ക്കില്‍ കൃത്രിമ തിരമാലകള്‍ സൃഷ്ടിക്കുന്ന യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് നീന്തല്‍ കുളത്തില്‍ കൂറ്റന്‍ തിരമാലയടിച്ചു 44 പേര്‍ക്ക് പരിക്കേറ്റു. ഷുയിയുന്‍ വാട്ടല്‍ പാര്‍ക്കിലാണ് സംഭവം. വിനോദത്തിനെത്തിയവര്‍ കുളത്തില്‍ ആഘോഷിക്കുന്നതിനിടെ കുറ്റന്‍ തിരമാലയടിച്ച് ഇവരെ കീഴ്‌മേല്‍ മറിച്ചിടുന്ന വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പലരേയും തിരമാല എടുത്ത് സ്വിമ്മിംഗ് പൂളിനു പുറത്തിട്ടു. പൂളിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളുമടക്കം അലറിവിളിച്ച് കയറിയോടി.
തിരമാല ഉണ്ടാക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന ജോലിക്കാരന്‍ മദ്യലഹരിലായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇതു തെറ്റായ പ്രചാരണമാണെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറിലായ യന്ത്രം മുഴു ശക്തിയില്‍ പ്രവര്‍ത്തിച്ചതാണ് കൃത്രിമ തിരമാല 'സുനാമി' ആയി മാറാന്‍ കാരണമെന്നാണ് ഔദ്യോഗിക വിദശീകരണം. സംഭവത്തെ തുടര്‍ന്ന് വാട്ടര്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.