Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിദ്ധാര്‍ഥക്ക് വിനയായത് കോണ്‍ഗ്രസ് നേതാവ് ശിവകുമാറുമായുള്ള ആത്മബന്ധം

ബംഗളൂരു- കഴിഞ്ഞ ദിവസം പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥക്ക് വിനയായത് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറുമായുള്ള അടുത്ത ബന്ധമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് കര്‍ണാടകയിലെ ബിസിനസ്, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍. സിദ്ധാര്‍ഥയെ കാണാതയതുമുതല്‍ പ്രചരിക്കുന്ന ഈ അഭ്യൂഹം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്.

ഗൗഡ സമുദായക്കാരെന്നതിലുപരി ഡി.കെ. ശിവകുമാറും സിദ്ധാര്‍ഥയും തമ്മില്‍ വളരെ ശക്തമായ ബന്ധമാണുണ്ടായിരുന്നതെന്ന് സിദ്ധാര്‍ഥയുമായി അടുത്തു ബന്ധമുള്ള ഒരാള്‍ പറഞ്ഞു. സിദ്ധാര്‍ഥയുമായി ശിവകുമാറിന് ബിസിനസ് ഇടപാടുകളുണ്ടായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. സിദ്ധാര്‍ഥക്ക് വായ്പാ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നത് രഹസ്യമല്ല. എന്നാല്‍ ശിവകുമാറുമായി നടത്തിയ ഇടപാടുകളാണ് സിദ്ധാര്‍ഥയെ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയതും സമ്മര്‍ദത്തിനു കാരണമായതും.

കര്‍ണാടകയിലെ രാഷ്ട്രീയക്കളികളും പകപോക്കലും സിദ്ധാര്‍ഥയുടെ ആത്മഹത്യക്ക് കാരണമായെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസ് നേതാവായ കൃഷ്ണ പിന്നീടാണു ബിജെപിയില്‍ എത്തിയത്.

വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ടു നടത്തിയ ആദായനികുതി റെയ്ഡുകളാണ് പിന്നീട് സിദ്ധാര്‍ഥയിലേക്കെത്തിയത്. കടബാധ്യതകളില്‍ നട്ടംതിരിഞ്ഞിരുന്ന സിദ്ധാര്‍ഥയ്ക്ക് ഇതു കൂടുതല്‍ തിരിച്ചടിയായി. ശിവകുമാറിന്റെ ഓഫിസുകളില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ച രേഖകളാണ് സിദ്ധാര്‍ഥയെ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലേക്ക് കൊണ്ടുവന്നത്.
ആദായനികുതി വകുപ്പില്‍നിന്നു വലിയ സമ്മര്‍ദം നേരിടേണ്ടിവന്നുവെന്ന് സിദ്ധാര്‍ഥയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.  2017-ലാണ് ശിവകുമാറിനെതിരായ ആദായ നികുതി റെയ്ഡുകള്‍ നടന്നത്. ശിവകുമാറും കഫെ കോഫി ഡേ ഉടമ സിദ്ധാര്‍ഥയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നു മൈന്‍ഡ്ട്രീ എന്ന കമ്പനിയിലെ സിദ്ധാര്‍ഥിന്റെ ഓഹരികള്‍ കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കം കാട്ടിയെന്ന് ശിവകുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എം.പിയുമായ ഡി.കെ. സുരേഷ് പറയുന്നു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇതു തികച്ചും അനാവശ്യമായിരുന്നുവെന്നും സുരേഷ് കുറ്റപ്പെടുത്തുന്നു.

20.3 ശതമാനം ഓഹരിയാണ് സിദ്ധാര്‍ഥയ്ക്ക് മൈന്‍ഡ്ട്രീയില്‍ ഉണ്ടായിരുന്നത്. ഓഹരികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാന്‍ സിദ്ധാര്‍ഥ ശ്രമിക്കുന്നതിനിടെയാണ് തിടുക്കപ്പെട്ട് ഓഹരികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചത്. മൈന്‍ഡ്ട്രീയിലെ 74.9 ലക്ഷം ഓഹരികളാണ് ജനുവരിയില്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത്. പിന്നീടത് വിട്ടു നല്‍കിയെങ്കിലും ഓഹരികള്‍ എല്‍ആന്‍ഡ്ടിക്കു വില്‍ക്കാനുള്ള നീക്കം തടസപ്പെടുകയും സിദ്ധാര്‍ഥയെ വന്‍ബാധ്യതയിലാക്കുകയും  ചെയ്തു.

അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ടെങ്കിലും കര്‍ണാടകയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയക്കാരനായ ഡി.കെ.ശിവകുമാററിനെ എങ്ങനെയങ്കെലും കുടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന വിശ്വസിക്കുന്നുവരാണ് ഏറെയും. ശിവകുമാറിന് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയ ബിജെപിയെ തടഞ്ഞും ജെഡിഎസുമായി ചേര്‍ന്നു സഖ്യസര്‍ക്കാര്‍ ചരടുവലിച്ചതും ശിവകുമാറായിരുന്നു.
ശിവകുമാറിനെയും സിദ്ധാര്‍ഥയെയും ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ ശ്രമിച്ചിരുന്നുവെന്ന് ശിവകുമാറിന്റെ അഭിഭാഷകന്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും സിദ്ധാര്‍ഥയ്ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറയുന്നു. ആദായനികുതി വകുപ്പിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ള സിദ്ധാര്‍ഥയുടെ കുറിപ്പിലെ ഒപ്പ് അദ്ദേഹത്തിന്റേതല്ലെന്ന വാദവുമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുവന്നിട്ടുണ്ട്.

 

Latest News