മുംബൈ- മഹാരാഷ്‌ട്രയിൽ ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയും ബി ജെ പിയും ഒരുമിച്ച് മത്സരിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 2014 ലെ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്‌തമായി ഒരുമിച്ച് മത്സരിക്കാൻ ഇരു പാർട്ടികളും സജ്ജമായെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ ശിവസേന, ബി ജെ പി വെവ്വേറെയായിരുന്നു മത്സരിച്ചിരുന്നത്. എൻ സി പി യിൽ നിന്നും പാർട്ടിയിലെത്തിയ നേതാക്കൾക്ക് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ അംഗങ്ങളെ തിരഞ്ഞെടുത്ത് ചരിത്രം സൃഷ്ടിക്കാനാണ് ശിവസേന-ബി ജെ പി സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, കോൺഗ്രസിൽ നിന്നും എൻ സി പിയിൽ നിന്നും പാർട്ടിയിലെത്തുന്നവരെ ഉൾകൊള്ളിക്കാനായി ഇരു പാർട്ടികളും വെവ്വേറെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. നിലവിൽ എൻ സി പി യിൽ നിന്നും കോൺഗ്രസിൽ നിന്നും നിരവധി എം എൽ എ മാരാണ് ബി ജെ പി യിലേക്കും ശിവസേനയിലേക്കും ചേക്കേറിയത്. ഇതോടെ ഇരു പാർട്ടികളുടെയും നില മഹാരാഷ്‌ട്രയിൽ പരുങ്ങലിലായി.
എൻ സി പി യിൽ നിന്നെത്തിയ മൂന്ന് എം എൽ എമാർക്കും കോൺഗ്രസിൽ നിന്നെത്തിയ ഒരു എം എൽ യുമാണ് സ്വീകരണ ചടങ്ങിൽ സംബന്ധിച്ചത്. ബുധാനാഴ്ച്ച നടന്ന ചടങ്ങിൽ മുഖ്യ മന്ത്രിയെ കൂടാതെ മഹാരാഷ്‌ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും ചടങ്ങിൽ സംബന്ധിച്ചു. 2014 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പി യും ശിവസേനയും വെവ്വേറെയായിരുന്നു മത്സരിച്ചിരുന്നതെങ്കിലും പിന്നീട് രണ്ടു പാർട്ടികളും സഖ്യത്തിലേർപ്പെടുത്തിരുന്നു. 288 സീറ്റുകളിലേക്ക് നടന്ന കനത്ത പോരാട്ടങ്ങൾക്കിടെ ബി ജെ പി 122 സീറ്റും ശിവസേന 63 സീറ്റുമാണ് നേടിയിരുന്നത്. കോൺഗ്രസ്സ് 42 ഉം എൻ സി പി 41 ഉം സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്.