മുംബൈ- രണ്ട് ഏത്തക്കയ്ക്ക് ജി.എസ്.ടി സഹിതം 442 രൂപ ബില്‍ ഈടാക്കിയതിനെ ന്യായീകരിച്ച് ഹോട്ടലുടമകളുടെ സംഘടന. ചണ്ഡീഗഢിലെ ജെ.ഡബ്ല്യു മാരിയട്ട് ഹോട്ടലാണ് ബോളിവുഡ് നടന്‍ രാഹുല്‍ ബോസില്‍നിന്ന് കഴിഞ്ഞയാഴ്ച ഇത്രയും തുക ഈടാക്കിയത്. ഹോട്ടല്‍ നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്.എച്ച്.ആര്‍.എ.ഐ) വ്യക്തമാക്കി.
രാഹുല്‍ ബോസിന്റെ ബില്ലില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കിയത് നിയമാനുസൃതമാണെന്ന് എഫ്.എച്ച്.ആര്‍.എ.ഐ വൈസ് പ്രസിഡന്റ് ഗുര്‍ബാക്‌സിഷ് സിംഗ് കൊഹ്‌ലി പറഞ്ഞു.
വിവിധ നഗരങ്ങളില്‍ ശൃംഖലയുള്ള ഹോട്ടലുകള്‍ ഒരേ നടപടിക്രമമാണ് പിന്തുടരുന്നത്. ഇത്തരം ഹോട്ടലുകളില്‍ പഴങ്ങളും പച്ചക്കറിയും വാങ്ങി വില്‍ക്കുന്നില്ല. അതിഥികള്‍ക്ക് അക്കമഡേഷനും ഭക്ഷണവുമടക്കമുള്ള സേവനങ്ങളാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ലോക്കല്‍ മാര്‍ക്കറ്റില്‍ ബനാന നല്‍കുന്നതു പോലെ നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡരികിലെ സ്റ്റാളില്‍ ഒരു കോഫി പത്ത് രൂപയ്ക്ക് ലഭിക്കുമെങ്കില്‍ ആഡംബര ഹോട്ടലുകളില്‍ 250 രൂപ നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്‍ രാഹുല്‍ ബോസിന്റെ വിഡിയോ വൈറാലയതിനനെ തുടര്‍ന്ന് നികുതി ഒഴിവാക്കിയ ഇനത്തിനാണ് ജി.എസ്.ടി ഈടാക്കിയതെന്നും ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയതായും എക്‌സൈസ് ആന്റ് ടാക്‌സേഷന്‍ വകുപ്പ് അറിയിച്ചിരുന്നു.