ന്യൂദൽഹി- ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരിൽ ഓർഡർ ചെയ്ത ഭക്ഷണം മടക്കിയയച്ച യുവാവിന് ചുട്ട മറുപടിയുമായി ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോ. അഹിന്ദുവിനെ ഡെലിവറി ബോയി ആയി അയച്ചതിന്റെ പേരിൽ ഭക്ഷണം സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് സൊമാറ്റോക്കെതിരെ ഇയാൾ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. കമ്പനിയോട് താൻ അഹിന്ദുവിനെ അയക്കരുതെന്ന് പറഞ്ഞിട്ട് അവർ അനുസരിച്ചില്ല. പോരാത്തതിനെ എന്റെ പണം തിരികെ തരാൻ കൂട്ടാക്കിയില്ല. പണം കിട്ടിയില്ലെങ്കിലും സാരമില്ല. ഈ ഭക്ഷണം എനിക്ക് ആവശ്യമില്ല. അതിന് ആരുടെയും സമ്മതം വേണ്ടല്ലോ എന്നായിരുന്നു ഇയാളുടെ ട്വീറ്റ്. ഇതിന് മറുപടിയായി 'ഭക്ഷണത്തിന് മതമില്ല, ഭക്ഷണംതന്നെ ഒരു മതമാണ് 'എന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ രംഗത്തെത്തി.
ഇതിന് പിറകെ, സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയലിന്റെ ട്വീറ്റെത്തി. മൂല്യങ്ങളെ നിരാകരിക്കുന്ന ഓർഡറുകൾ നഷ്ടമാകുന്നതിൽ ഒരു വിഷമവുമില്ലെന്നും ദീപിന്ദർ ഗോയൽ ട്വീറ്റ് ചെയ്തു. ഇന്ത്യയെന്ന സങ്കൽപ്പത്തിലും അതിന്റെ വൈവിധ്യത്തിലും അഭിമാനമുണ്ട്. ആ മൂല്യങ്ങൾക്ക് എതിര്‌നിൽക്കുന്നവരുടെ ബിസിനസ് പോയാലും വിഷമമില്ലെന്നായിരുന്നു ഗോയലിന്റെ ട്വീറ്റ്. നിരവധി പേരാണ് സൊമാറ്റോയെ പിന്തുണച്ച് രംഗത്തെത്തിയത്.