ലഖ്‌നൗ- ഉന്നാവോ സംഭവത്തിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗിന് പുറമെ മറ്റൊരു ബി.ജെ.പി നേതാവിനെതിരെയും പരാതി. ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന് പുറമെ ബി.ജെ.പി നേതാവും ഉന്നാവോയിലെ ബ്ലോക് പ്രസിഡന്റുമായ അരുൺ സിംഗിന്‍റെയും പേര് പ്രതിപ്പട്ടികയില്‍. പെൺകുട്ടിയുടെ അമ്മാവൻ പോലീസിൽ നല്‍കിയ പരാതിയിലാണ് ഇയാളുടെ പേരുണ്ടായിരുന്നത്. പോലീസും സി.ബി.ഐയും ഇട്ട എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ ഏഴാമതായാണ് ഇയാളുടെ പേരുള്ളത്. ഉന്നാവോയിൽ പെൺകുട്ടി താമസിക്കുന്ന അതേ ഗ്രാമത്തിലെ ബി.ജെ.പിയുടെ പ്രധാന നേതാവ് കൂടിയാണ് അരുൺ സിങ്. കുൽദീപ് സെൻഗാറിന്റെ അടുത്ത അനുയായി കൂടിയാണ് ഇയാൾ.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ബി.ജെ.പി നേതാക്കളായ സാക്ഷി മഹാരാജിനും അമിത് ഷായ്ക്കും കുൽദീപ് സിങ് സെൻഗാറിനുമൊപ്പം അരുൺസിംഗും നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കുൽദീപ് സെൻഗാറിനെതിരായ പരാതി പിൻവലിക്കാനായി അരുൺ സിങ് പെൺകുട്ടിയേയും കുടുംബത്തേയും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി സി.ബി.ഐയും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, ലൈംഗികാതിക്രമ പരാതി നൽകിയിട്ടും ഏറെ നാളുകൾക്ക് ശേഷമാണ് സംഭവത്തിലെ പ്രധാന പ്രതിയായ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെതിരെ പോലീസ് നടപടിയെടുത്തത്.