Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ഥയുടെ മരണത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കാരണം രാജ്യത്തിന്റെ  സമ്പദ് വ്യവസ്ഥ പരാജയപ്പെട്ടുകൊണ്ടിരിക്കയാണെന്ന്  കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു. സിദ്ധാര്‍ഥയുടെ മരണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രൂക്ഷ വിമര്‍ശം. കഠിന പ്രയത്‌നം നടത്തിയിട്ടും പിടിച്ചുനില്‍ക്കാനായില്ലെന്നും ആദായ നികുതി വകുപ്പ് മാനസികമായി തളര്‍ത്തിയെന്നും വ്യക്തമാക്കുന്ന സിദ്ധാര്‍ഥ എഴുതിയതെന്ന് കരുതുന്ന കത്ത് പ്രചരിച്ചിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക രംഗം ദയനീയ സ്ഥിതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കരുത്തുറ്റതും സ്വതന്ത്രവും തടസ്സരഹിതവുമായ ഒരു സമ്പദ്വ്യവസ്ഥയ്ക്കുവേണ്ടി വോട്ട് ചെയ്ത ജനങ്ങളെ പൂര്‍ണമായും വഞ്ചിക്കുകയാണ് പ്രധാനമന്ത്രി മോഡി ചെയ്തത്. ബിജെപിയുടെ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു. ഓഹരിവിപണി കൂപ്പുകുത്തി, സര്‍ചാര്‍ജുകള്‍, അമിത നികുതി തുടങ്ങിയവ മൂലം സാമ്പത്തികരംഗം ദയനീയസ്ഥിതിയിലാണ്. സ്വകാര്യ മേഖലയില്‍ തൊഴിലുകള്‍ ഇല്ലാതാവുകയാണ്. സര്‍ക്കാര്‍-പൊതു മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ യുവജനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാവാതെ പോകുകയാണ്- അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
കശ്മീര്‍, പാക്കിസ്ഥാന്‍, മുസ്ലിം സ്ത്രീ, രാമന്‍ തുടങ്ങി വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് രണ്ടാംവട്ടം അധികാരമേറിയതു മുതല്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമ്പത്തിക രംഗത്തെ പരാജയങ്ങളില്‍നിന്നും തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, ക്രമസമാധാനം തുടങ്ങിയ മേഖലകളിലെ വീഴ്ചകളില്‍നിന്നും ജനശ്രദ്ധ തെറ്റിക്കുകയാണ് ലക്ഷ്യം- കോണ്‍ഗ്രസ് നേതാവ്  ട്വീറ്ററില്‍ ആരോപിച്ചു.

 

Latest News