ന്യൂദൽഹി- അലഹബാദ് ഹൈക്കോടതി ജഡജി എസ്.എൻ ശുക്ലക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് അനുമതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയാണ് അനുമതി നൽകിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ സി.ബി.ഐ അന്വേഷണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ സിറ്റിംഗ് ജഡ്ജിക്കെതിരെ കേസ് ഫയൽ ചെയ്യാനാകില്ല. 2017-ൽ ലക്‌നൗവിലെ ജി.സി.ആർ.ജി മെഡിക്കൽ കോളേജിന് അഡ്മിഷൻ നടത്തുന്നതിനായി താൻ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി തിരുത്തിയെന്നാണ് ജസ്റ്റിസ് ശുക്ലക്കെതിരായ പരാതി. 2017-18 അധ്യയന വർഷം അഡ്മിഷൻ നടത്താൻ സ്വകാര്യ മെഡിക്കൽ കോളെജിനെ അനുവദിക്കുന്നതിൽനിന്നും ഹൈക്കോടതിയെ വിലക്കികൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു ശുക്ല ഉത്തരവ് തിരുത്തിയത്. മെഡിക്കൽ കോളെജിന് അനുകൂലമായി ശുക്ലയുണ്ടാക്കിയ തിരുത്ത് പിന്നീട് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പരാതിയെ തുടർന്ന് സുപ്രീം കോടതി റദ്ദാക്കി. ശുക്ലയോട് രാജിവെക്കാനോ സ്വയം വിരമിക്കലിന് അപേക്ഷിക്കാനോ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശുക്ല ഇത് നിഷേധിച്ചു. തുടർന്ന് ആരോപണം അന്വേഷിക്കാൻ ജഡ്ജിമാരുടെ പാനലിന് സുപ്രീം കോടതി രൂപം നൽകി. ജസ്റ്റിസിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ച ശുക്ലയുടെ അധികാരങ്ങൾ കഴിഞ്ഞവർഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗേയ് പിൻവലിച്ചിരുന്നു. ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.