ബംഗളൂരു- സർക്കാരിന്റെ ടിപ്പു ജയന്തി ആഘോഷങ്ങൾ പുതുതായി അധികാരമേറ്റ യെദിയൂരപ്പ സർക്കാർ റദ്ദാക്കി. വർഗീയത വളർത്തുമെന്ന് പറഞ്ഞാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വിവാദപരവും വർഗീയത വളർത്തുന്നതുമായ ടിപ്പു ജയന്തി ആഘോഷം നിർത്തലാക്കാൻ തങ്ങളുടെ സർക്കാർ തീരുമാനിച്ചതായി ബി.ജെ.പി കർണാടക ഘടകം ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
2015 മുതൽ സിദ്ധരാമയ്യ സർക്കാർ ആണ് ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്. മൈസൂർ സുൽത്താൻ ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബർ 10 ന് ആണ് ആഘോഷിക്കുന്നത്. ടിപ്പു സുൽത്താൻ ഹൈന്ദവ വിരുദ്ധനാണെന്നാരോപിച്ച് പ്രതിപക്ഷത്തായിരുന്നപ്പോൾ ബി.ജെ.പി ഇതിനെ എതിർത്തിരുന്നു.
രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയാണ് ടിപ്പു സുൽത്താനെന്നും അതുകൊണ്ടാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടതെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിക്ക് മതേതരത്വത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.