സംഘർഷം ഒഴിവാക്കാൻ മോഡി സർക്കാർ ദേശീയ നയം പ്രഖ്യാപിക്കണം
മുംബൈ- ബീഫ് സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയാറാകണമെന്നും ഗോരക്ഷകർ ആളുകളെ അടിച്ചു കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും ശിവസേന. ഗോരക്ഷകരുടെ ഇത്തരം നടപടികൾ ഹിന്ദുത്വക്ക് എതിരാണെന്ന് സേന ചൂണ്ടിക്കാട്ടി.
ബീഫുണ്ടെന്ന സംശയത്തിൽ ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രതികരണം.
പശുവിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങൾ ബി.ജെ.പി ഭരിക്കുന്ന ജാർഖണ്ഡ്, ഹരിയാന, യു.പി എന്നിവിടങ്ങളിൽ വർധിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ബീഫ് പ്രശ്‌നം ഭക്ഷണ അഭിരുചിയുമായും വ്യാപാരവുമായും തൊഴിലുമായും ബന്ധപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഈ പ്രശ്‌നത്തിൽ ദേശീയ നയം ആവശ്യമാണ് -സേനാ മുഖപത്രമായ സാംന പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറഞ്ഞു. ഗോസംരക്ഷകർ ഇന്നലെ വരെ ഹിന്ദുക്കളായിരുന്നുവെങ്കിൽ ഇപ്പോൾ കൊലയാളികളായി മാറിയിരിക്കയാണ് -സേന അഭിപ്രായപ്പെട്ടു.
പശുവിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചിരുന്നു. ആർക്കും തന്നെ നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നാണ് ഗുജറാത്തിലെ സബർമതിയിൽ അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഗോ സംരക്ഷണത്തിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ ഒരാൾക്കും അവകാശമില്ല. ആളുകളെ തല്ലിക്കൊല്ലുന്നത് ഹിന്ദുത്വ സംഹിതകൾക്കെതിരാണ് -പത്രം പറഞ്ഞു. ഹിന്ദുത്വത്തിന് വ്യക്തമായ നിർവചനം നൽകിയതിന് മോഡിയോട് നന്ദിയുണ്ട്.
സംഘർഷം ഒഴിവാക്കാൻ ഇനി അദ്ദേഹം ബീഫ് സംബന്ധിച്ച ദേശീയ നയവുമായി മുന്നോട്ടു വരണം -കേന്ദ്ര ഭരണ സഖ്യത്തിലെ ഘടക കക്ഷി കൂടിയായ സേന ആവശ്യപ്പെട്ടു.