Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ ആരോപണങ്ങള്‍ തെറ്റെന്ന് വീണ്ടും തെളിഞ്ഞു-സാക്കിര്‍ നായിക്ക്-video

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരും എന്‍.ഐ.എയും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നാണ്  റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോള്‍ വീണ്ടും വിസമ്മതിച്ചതിലൂടെ തെളിയുന്നതെന്ന്  പ്രശസ്ത ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്ക് അവകാശപ്പെട്ടു. ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  വര്‍ഗീയ അജണ്ട മാത്രമാണ് ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും സാക്കിര്‍ നായിക്ക് കൂട്ടിച്ചേര്‍ത്തു
റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന സുരക്ഷാ ഏജന്‍സികളുടെ ആവശ്യം ഇന്റര്‍പോള്‍ വീണ്ടും തള്ളിയതിനു പിന്നാലെയാണ് സാക്കിര്‍ നായിക്കിന്റെ പ്രതികരണം.  മൂന്നാം തവണയാണ് രാജ്യാന്ത രകുറ്റാന്വേഷണ പോലിസ് ആവശ്യം നിരാകരിക്കുന്നത്.  
മലേഷ്യയില്‍ സ്ഥിരതാമസ വിസ നേടി അവിടെ താമസിക്കുകയാണ് സാക്കിര്‍ നായിക്ക്.  റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള ഏജന്‍സികളാണ് ഇന്റര്‍പോളിന്  അപേക്ഷ നല്‍കിയത്. ഇന്ത്യന്‍ ഏജന്‍സികള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ തെളിവില്ലെന്ന നിലപാടിലാണ് ഇന്റര്‍പോള്‍. കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് സാക്കിര്‍ നായിക്കിനെതിരെ
എന്‍ഫോഴ്‌സമെന്റ്  കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്നാണ് ആരോപണം. 50 കോടിയിലേറെ വില വരുന്ന നായിക്കിന്റെന്റെയും അദ്ദേഹകീഴിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. നായിക്കിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മലേഷ്യക്ക് ഇന്ത്യ 12 അപേക്ഷകള്‍ നല്‍കിയെങ്കിലും തള്ളുകയായിരുന്നു.  

 

 

Latest News