ന്യൂദല്‍ഹി- മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസായി. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേര്‍ എതിര്‍ത്തു. ജെഡിയു, എഐഎഡിഎംകെ എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. നേരത്തെ ലോക്‌സഭ പാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെക്കുന്നതോടെ നിയമമാകും.
കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. 20 ലേറെ രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും ഇന്ത്യ മതേതര രാജ്യമാണെങ്കില്‍ എന്തു കൊണ്ട് ഇത് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്നും മന്ത്രി ചോദിച്ചു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ നമ്മുടെ പെണ്‍മക്കള്‍ ഉയരങ്ങളിലെത്തുകയാണ്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം മുത്തലാഖ് ബില്ലിന്റെ ഉള്ളടക്കമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
2017ല്‍ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി.
അതേസമയം മുത്തലാഖ് ബില്ലില്‍ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു ആശങ്കപ്പെടുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. അനാവശ്യ ബില്‍ സെലക്ട് കമ്മിറ്റിക്ക വിടണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.