മുംബൈ- ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധനക്ക് രക്തസാംപിളെടുക്കുന്നത് നേരത്തെ നിശ്ചയിച്ച ആശുപത്രിയിൽനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിൽ എത്താനാണ് മുംബൈ ഓഷിവാര പോലീസ് നിർദ്ദേശിച്ചത്. നേരത്തെ ജുഹുവിലെ ആൻ.എൻ കൂപ്പർ ജനറൽ ആശുപത്രിയിൽ എത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽനിന്ന് ഒഴിവാക്കാനാണ് അവസാനനിമിഷം ആശുപത്രി മാറ്റിയത് എന്നാണ് സൂചന. ബിഹാർ സ്വദേശിനി നൽകിയ ലൈംഗീക പീഡന പരാതിയിൽ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്നലെയാണ് നിർദ്ദേശിച്ചത്. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.