തിരുവനന്തപുരം- കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതി അഭിഭാഷകരെ ഏർപ്പെടുത്തിയതിന് സംസ്ഥാന സർക്കാർ ചെലവിട്ടത് 56.4 ലക്ഷം രൂപ. കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സുപ്രീം കോടതി അഭിഭാഷകരെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്. സർക്കാരിന്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ശുഹൈബിന്റെ പിതാവ് നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയിൽനിന്ന് മുതിർന്ന അഭിഭാഷകരെ സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. സുപ്രീം കോടതി അഭിഭാഷകൻ വിജയ് ഹൻസാരിയക്ക് ജൂണിൽ 12.20 ലക്ഷം രൂപ നൽകി. 22.42 ലക്ഷം രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. 2018 ഡിസംബർ 1, 8 തിയതികളിൽ മുതിർന്ന അഭിഭാഷകരുമായി കേസ് ചർച്ച ചെയ്തതിനും 18,19 തിയതികളിൽ ഹൈക്കോടതിയിൽ ഹാജരായതിനുമാണ് ഈ ഫീസ്.
സുപ്രീം കോടതി അഭിഭാഷകനായ അമരേന്ദ്ര ശരണിന് മെയിൽ 22 ലക്ഷം രൂപ അനുവദിച്ചു. വിജയ് ഹൻസാരിയയുടെ 22.20 ലക്ഷം രൂപയുടെ ബിൽ സർക്കാർ ഉത്തരവിനായി സമർപ്പിച്ചിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അറിയിച്ചു. നേരത്തെ സുപ്രീം കോടതിയിലെ മറ്റൊരു അഭിഭാഷന് 8.80 ലക്ഷം രൂപ അനുവദിച്ചുവെന്ന് വിവരാവകാശ രേഖപ്രകാരം സർക്കാർ മറുപടി നൽകിയിരുന്നു. എന്നാൽ പുതിയ രേഖകളിൽ ആ അഭിഭാഷകന്റെ പേരോ തുകയുടെ വിശദാംശങ്ങളോ ഇല്ല.