Sorry, you need to enable JavaScript to visit this website.

ഉന്നാവോ അപകടം: അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ബഹളം

ന്യൂദല്‍ഹി- ഉന്നാവോ ബലാത്സംഗക്കേസിലെ ഇരക്ക് സംഭവിച്ച അപകടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.
ഉന്നാവോ അപകടം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം നടക്കുകയാണെന്നും മന്ത്രി പ്രഹ്ലാദ് ജോഷി സഭയില്‍ മറുപടി നല്‍കി. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷപാതമില്ലാത്ത അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി വിശദീകരണം നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് സംഭവിച്ച അപകടം രാജ്യത്തെ ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരിപറഞ്ഞു. വിഷയത്തില്‍ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഉന്നാവോ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.

 

 

Latest News