Sorry, you need to enable JavaScript to visit this website.

ആസിഫ് സര്‍ദാരി ജയിലില്‍ എസി ഉപയോഗിക്കുന്നില്ലെന്ന് മകന്‍ ബിലാവല്‍

ഇസ്‌ലാമാബാദ്- പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ജയിലില്‍ എയര്‍ കണ്ടീഷനര്‍ ഉപയോഗിക്കുന്നില്ലെന്ന് മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പ്രതിപക്ഷ നേതാക്കള്‍ക്ക് എ ക്ലാസ് ജയില്‍ സൗകര്യം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ പിതാവ് എസി ഉപയോഗിക്കുന്നില്ലെന്ന ബിലാവലിന്റെ പ്രസ്താവന.
രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് 63 കാരനായ സര്‍ദാരിയെ ജൂലൈ ഒന്നിനാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.


ഏറ്റവും ഒടുവില്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍  ആസിഫ് സര്‍ദാരി എസി ഉപയോഗിക്കുന്നതായി കണ്ടില്ലെന്ന് സഹോദരി അസീഫയൊടൊപ്പം സര്‍ദാരിയുടെ കോടതി റിമാന്‍ഡ് ഹിയറിംഗിനെത്തിയ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ബിലാവല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഞാനും അസീഫയും ജയിലില്‍ മുന്‍ പ്രസിഡന്റ് സര്‍ദാരിയെ കാണാന്‍ പോയപ്പോള്‍  എസി ഓഫ് ചെയ്ത നിലയിലായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വലിയ കാര്യമല്ലെന്നാണ് മറുപടി നല്‍കിയത്.  ഈ സൗകര്യം ഉപയോഗിക്കാന്‍  ഞാനും അസീഫയും ആവശ്യപ്പെട്ടപ്പോഴും വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറപടി- ബിലാവല്‍ പറഞ്ഞു.
ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും സര്‍ദാരിക്കും എ ക്ലാസ് ജയില്‍ സൗകര്യങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അടുത്തിടെ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു.


69 കാരനായ ശരീഫ് 2018 ഡിസംബര്‍ 24 മുതല്‍ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ്. ഏഴ് വര്‍ഷം തടവാണ് അനുഭവിക്കുന്നത്. പനാമ പേപ്പേഴ്‌സ് കേസില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മൂന്ന് അഴിമതിക്കേസുകളിലൊന്നിലാണ് 2017 ജൂലൈ 28 ന് നവാസ് ശരീഫിന് അക്കൗണ്ടബിലിറ്റി കോടതി ജയില്‍ ശിക്ഷ വിധിച്ചത്.  സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതിയ  പാരമ്പര്യമുള്ള തങ്ങളുടെ പാര്‍ട്ടിക്ക്   ഇപ്പോഴത്തെ പാവ സര്‍ക്കാര്‍ വലിയ വെല്ലുവിളിയല്ലെന്ന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ പറഞ്ഞു.


ജനാധിപത്യം, പതിനെട്ടാം ഭേദഗതി, മാധ്യമ സ്വാതന്ത്ര്യം എന്നിവയില്‍  വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News