മംഗളൂരു-എല്ലാ ശ്രമങ്ങളും നടത്തിയിട്ടും സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടുപോയെന്ന് കഴിഞ്ഞ ദിവസം രാത്രി മംഗളൂരുവില്‍ കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥ ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.
ലാഭകരമായ ബിസിനസ് കെട്ടിപ്പടുക്കുന്നതില്‍ വിജയിക്കാനായില്ലെന്ന് കോഫി ഡേ കുടംബത്തോട് ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്തില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ സിദ്ധാര്‍ഥ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ഉള്ളാള്‍ നേത്രാവതി പാലത്തിനു സമീപം കാറില്‍നിന്നിറങ്ങിയ ശേഷമാണ് സിദ്ധാര്‍ഥയെ കാണാതായത്. പുഴയിലേക്ക് ചാടിയിരിക്കാമെന്ന ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നേത്രാവതി നദിയില്‍ തിരിച്ചല്‍ തുടരുകയാണ്.
കഴിഞ്ഞ 37 വര്‍ഷം തികഞ്ഞ പ്രതിബദ്ധയോടെയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും കോഫി ഷോപ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 30,000 പേര്‍ക്കും ടെക്‌നോളജി കമ്പനിയില്‍ 20,000 പേര്‍ക്കും ജോലി നല്‍കിയെന്നും അവസാനത്തെ കത്തില്‍ സിദ്ധാര്‍ഥ പറയുന്നു.
കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വിവരിക്കുന്ന കത്തില്‍ തന്നെ വിശ്വസിച്ച എല്ലാവരോടും അദ്ദേഹം മാപ്പ് പറയുന്നു. പാര്‍ട്ണര്‍മാരില്‍ ഒരാള്‍ ഓഹരികള്‍ തിരികെ വാങ്ങാന്‍ സമ്മര്‍ദം ചെലുത്തിയതിനെ കുറിച്ച് കത്തില്‍ പറയുന്നു. പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ച ശേഷമാണ് കൈവിടുന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയുടെ സ്ഥാപകായ കോഫി രാജാവ് കത്തില്‍ പറയുന്നു.
ആറു മാസം മുമ്പ് ഒരു സുഹൃത്തില്‍നിന്ന് വന്‍ തുക കടം വാങ്ങിയതായി സിദ്ധാര്‍ഥ വെളിപ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി മുന്‍ ഡയരക്ടര്‍ ജനറലില്‍നിന്ന് കടുത്ത പീഡനമാണ് നേരിട്ടതെന്നും കത്തില്‍ പറയുന്നു. മൈന്‍ഡ്ട്രീ ഇടപാട് തടയാനും കോഫി ഡേ ഓഹരികള്‍ പിടിച്ചെടുക്കാനും ശ്രമം നടന്നു. എല്ലാ അബദ്ധങ്ങള്‍ക്കും കാരണം താന്‍ മാത്രമാണ്. എല്ലാ ഇടപാടുകള്‍ക്കും ഉത്തരവാദി താനാണ്. ഓഡിറ്റര്‍മാര്‍ക്കും സനീയര്‍ മാനേജ്‌മെന്റിനും ഇതൊന്നും അറിയില്ലായിരുന്നു. കുടുംബത്തില്‍നിന്നും എല്ലാം മറച്ചുവെച്ചതായും പറയുന്ന കത്തില്‍ പുതിയ മാനേജ്‌മെന്റിനു കീഴില്‍ ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നു.
ആരേയും തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരു നാള്‍ എല്ലാവര്‍ക്കും മനസ്സിലാകുമെന്നും തന്നോട് പൊറുക്കുമെന്നും എഴുതിയ കത്തില്‍ കമ്പനിയുടെ ആസ്തിയെ കുറിച്ചും മൂല്യത്തെ കുറിച്ചും അതു കൊണ്ട് ബാധ്യകള്‍ തീര്‍ക്കാമെന്നും പറയുന്നു.