Sorry, you need to enable JavaScript to visit this website.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ  രാവിലെ നടത്തണം -ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം - എസ്.എസ്.എൽ.സി, പ്ലസ് ടു വർഷാവസാന പരീക്ഷകൾ രാവിലെ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്ത് ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ എല്ലാം ഉച്ചയ്ക്ക് മുമ്പ് പൂർത്തിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിന് കഴിയാത്ത സാഹചര്യം ഉണ്ടായാൽ രാവിലെയും വൈകുന്നേരവുമായി പരീക്ഷ നടത്തണം. കമ്മീഷൻ ചെയർമാൻ പി.സുരേഷ്, അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് ശുപാർശ. പരീക്ഷാ ഹാളിൽ ആവശ്യത്തിന് ഫാനുകളും ചൂട് കുറയ്ക്കാനുള്ള സംവിധാനങ്ങളും വെളിച്ചം, ശുദ്ധമായ കുടിവെള്ളം എന്നിവയും സജ്ജീകരിക്കുന്നതിന് സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം. പരീക്ഷയ്ക്ക് മുമ്പോ ശേഷമോ കുട്ടികൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഇല്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. ഉച്ചച്ചൂടിൽ വാർഷിക പരീക്ഷ നടത്തുന്നതിനെപ്പറ്റിയുള്ള മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ.

Latest News