ന്യൂദല്‍ഹി- എല്ലാ മതക്കാരുടേയും വിവാഹം 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ ശുപാര്‍ശ. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ഒറ്റ നിയമമാണ് വേണ്ടതെന്നും അതിനായി നിയമം പരിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതിയായ കാരണമില്ലാതെ വിവാഹ രജിസ്‌ട്രേഷന്‍ നീട്ടിക്കൊണ്ടുപോയാല്‍ ഓരോ ദിവസത്തേക്കും പിഴ ഈടാക്കണമെന്നും ലോ കമ്മീഷന്‍ നിര്‍ദേശിക്കുന്നു. രാജ്യത്തെ നിലവിലുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിവഹ രാജിസ്ട്രഷനിലുള്ള അലംഭാവം തടയാന്‍ പിഴശിക്ഷ നിര്‍ദേശിച്ചിരിക്കുന്നത്.
ശൈശവ വിവാഹം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം തുടങ്ങിയവ തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായും ഫലപ്രദമായും നടപ്പിലാക്കാന്‍ വിവാഹ രജിസ്്‌ട്രേഷന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുന്നതിലുടെ സാധിക്കുമെന്നും കമ്മീഷന്‍ ചൂണിക്കാണിക്കുന്നു. വിവഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് നിയമം നിര്‍മിക്കണമെന്ന് 2006 ല്‍ സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു.
നിര്‍ബന്ധിത വിവഹങ്ങളും നേരത്തെയുള്ള വിവാഹവും ഇതുമൂലം തടയാന്‍ സാധിക്കുമെന്നും സ്ത്രീ പുരുഷ സമത്വവും വനിതാ ശാക്തീകരണവും നേടുന്നതിന് സഹയാകമാകുമെന്നും ലോ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യക്തി നിയമങ്ങളില്‍ ഇടപെടാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും എല്ലാ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കീഴില്‍ വരുന്ന വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്തതായി ഉറപ്പുവരുത്തുക മാത്രമാണെന്നും ലോ കമ്മീഷന്‍ വിശദീകരിച്ചിട്ടുണ്ട്.