Sorry, you need to enable JavaScript to visit this website.

ദമാമിലെ ഇന്ത്യൻ തൊഴിലാളികളുടെ ദുരിതമകറ്റാൻ സമിതി

ഇന്ത്യൻ തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനെ കുറിച്ച് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാൻ അൽമുഖ്ബിലും മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസി പ്രതിനിധികളും ചർച്ച നടത്തുന്നു. 

ദമാം - കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ മൂന്നംഗ കമ്മിറ്റി സ്ഥാപിച്ചു. 
കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ, ഇന്ത്യൻ എംബസി, കമ്പനി പ്രതിനിധികൾ കമ്മിറ്റിയിൽ അംഗങ്ങളാണ്. ഇന്ത്യൻ എംബസി പ്രതിനിധികളും കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ അധികൃതരും നടത്തിയ ചർച്ചയിലാണ് ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് മൂന്നംഗ കമ്മിറ്റി രൂപീകരിക്കുന്നതിന് തീരുമാനമായത്. 
തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് ദേശീയ, മാനുഷിക ബാധ്യതയാണെന്ന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാൻ അൽമുഖ്ബിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കമ്പനിയിലെ 80 ശതമാനം ഇന്ത്യൻ തൊഴിലാളികളുടെയും പ്രശ്‌നത്തിന് മൂന്നു മാസത്തിനകം പരിഹാരം കാണുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണം ഏറെ കൂടുതലാണ്. ചില തൊഴിലാളികളുടെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. തൊഴിലാളികൾക്ക് താമസവും ഭക്ഷണവും വെള്ളവും വൈദ്യുതിയും ആരോഗ്യ പരിചരണങ്ങളും താമസസ്ഥലത്തെ ശുചീകരണ നിലവാരവും ഉറപ്പു വരുത്തുമെന്നും അബ്ദുറഹ്മാൻ അൽമുഖ്ബിൽ പറഞ്ഞു.
കമ്പനിയിൽ 10,800 തൊഴിലാളികളുണ്ടായിരുന്നെന്ന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉപമേധാവി മുഹമ്മദ് അൽഅത്‌റശ് പറഞ്ഞു. തുടർച്ചയായ ഇടപെടലുകളിലൂടെ നിരവധി പേരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കി. നിലവിൽ 4336 തൊഴിലാളികളാണ് പ്രശ്‌നപരിഹാരം കാത്തുകഴിയുന്നത്. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും സ്‌പോൺസർഷിപ്പ് മാറ്റവും ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്കുള്ള മടക്കവും ആണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. 163 തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകിയിട്ടുണ്ട്. 
ഇവരുടെ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും എംബസി വഴി എത്തിക്കും. മരണപ്പെട്ട തൊഴിലാളികളുടെ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും നടപടികളെടുക്കും. ബലി പെരുന്നാൾ അവധി ദിവസങ്ങളിലും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ അഭംഗുരം തുടരുമെന്നും മുഹമ്മദ് അൽഅത്‌റശ് പറഞ്ഞു. 
തൊഴിലാളികളുടെ താമസസ്ഥലത്ത് നേരത്തെ ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിരുന്നെന്ന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ക്രൈസിസ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഹമദ് അൽസുഖൂർ പറഞ്ഞു. തുടർച്ചയായി യോഗം ചേർന്ന് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമമെന്നും ഹമദ് അൽസുഖൂർ പറഞ്ഞു. 

 

 

Latest News