Sorry, you need to enable JavaScript to visit this website.

അനുമതിയില്ലാതെ മക്കാ യാത്ര; തിരിച്ചയച്ചത് രണ്ടരലക്ഷത്തോളം വിദേശികളെ

ജിദ്ദ - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ ലൈസൻസില്ലാത്ത 71 ഹജ് സർവീസ് സ്ഥാപനങ്ങൾ കണ്ടെത്തിയതായി ഹജ് സുരക്ഷാ സേനാ വക്താവ് ബ്രിഗേഡിയർ സാമി അൽശുവൈരിഖ് അറിയിച്ചു. വ്യാജ ഹജ് സ്ഥാപന നടത്തിപ്പുകാർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഹജ് അനുമതി പത്രമില്ലാത്ത 5099 സ്വദേശികളെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. ജോലി ആവശ്യാർഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രവും ഹജ് അനുമതി പത്രവുമില്ലാത്ത 2,64,363 വിദേശികളെയും ചെക്ക് പോസ്റ്റുകളിൽനിന്ന് തിരിച്ചയച്ചു. ഹജ് നിയമ, നിർദേശങ്ങൾ ലംഘിച്ചതിന് 10,983 വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽനിന്ന് തിരിച്ചയച്ചു. 
എല്ലാ പ്രവിശ്യകളിലും സുരക്ഷാ വകുപ്പുകൾ ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ നടപ്പാക്കുകയും അനധികൃത ഹജ് തീർഥാടകരെ തടയുകയും ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് സൗദി പൗരന്മാരെയും വിദേശികളെയും കബളിപ്പിച്ച് പണം കൈക്കലാക്കുന്ന വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളെ സുരക്ഷാ വകുപ്പുകൾ നിരീക്ഷിച്ച് കണ്ടെത്തി നടപടികളെടുക്കുന്നു. 
ലൈസൻസുള്ള ഹജ് സർവീസ് കമ്പനികളുടെ പേരുവിവരങ്ങൾ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്ക് ഹജ് അനുമതി പത്രം അനുവദിച്ചിട്ടുണ്ടോയെന്ന കാര്യം ഓൺലൈൻ സേവനങ്ങളായ അബ്ശിറും മുഖീമും വഴി സൗദി പൗരന്മാരും വിദേശികളും അന്വേഷിച്ച് ഉറപ്പു വരുത്തണം. അനധികൃത തീർഥാടകരയെും വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളെയും തടയുന്നതിന് എല്ലാ പ്രവിശ്യകളിലും മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവൻ റോഡുകളിലും സുരക്ഷാ വകുപ്പുകൾ ശക്തമായ പരിശോധന നടത്തുന്നുണ്ടെന്നും ബ്രിഗേഡിയർ സാമി അൽശുവൈരിഖ് പറഞ്ഞു. 
ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിക്കുന്ന സൗദികളുടെയും വിദേശികളുടെയും കേസുകൾ പരിശോധിച്ച് ശിക്ഷകൾ വിധിക്കുന്നതിന് മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റൻ നാസിർ അൽഉതൈബി പറഞ്ഞു. ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവരെ ചെക്ക് പോസ്റ്റുകളിൽ വെച്ച് സുരക്ഷാ വകുപ്പുകൾ പിടികൂടി ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾക്ക് കൈമാറുകയാണ് ചെയ്യുക. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ വിധികൾ അംഗീകാരത്തിനായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കും. ഇതിനു ശേഷം ശിക്ഷ നടപ്പാക്കുന്നതിന് നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും ക്യാപ്റ്റൻ നാസിർ അൽഉതൈബി പറഞ്ഞു.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്ന വാഹന ഡ്രൈവർമാർക്കും ഉടമകൾക്കും തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘനം നടത്തുന്നവർക്ക് ആദ്യ തവണ തീർഥാടകരിൽ ഒരാൾക്ക് 15 ദിവസം വീതം തടവും നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് തീർഥാടകരിൽ ഒരാൾക്ക് രണ്ടു മാസം വീതം തടവും മൂന്നാമതും ഇതേ നിയമ ലംഘനം നടത്തുന്നവർക്ക് തീർഥാടകരിൽ ഒരാൾക്ക് ആറു മാസം വീതം തടവുമാണ് ശിക്ഷ ലഭിക്കുക. 
കൂടാതെ അനധികൃതമായി കടത്തുന്ന ഓരോ തീർഥാടകനും പതിനായിരം റിയാൽ വീതം ആദ്യ തവണ ഡ്രൈവർക്ക് പിഴ ചുമത്തും. 
രണ്ടാം തവണയും ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവർക്ക് തടവു ശിക്ഷക്ക് പുറമെ ഓരോ തീർഥാടകനും ഇരുപത്തിഅയ്യായിരം റിയാൽ വീതവും മൂന്നാമതും പിടിയിലാകുന്നവർക്ക് ഹാജിമാരിൽ ഒരാൾക്ക് അര ലക്ഷം റിയാൽ തോതിലും പിഴ ചുമത്തും. 
അനധികൃത തീർഥാടകരെ കടത്തുന്ന വിദേശികളെ ശിക്ഷ അനുഭവിച്ച ശേഷം സൗദിയിൽനിന്ന് നാടുകടത്തി പുതിയ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തും. നിയമ ലംഘകരെ കടത്തുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് നിയമ നടപടികളും സ്വീകരിക്കും. 


 

Latest News