ദുബായ്- ശനിയാഴ്ച മുതല്‍ ആരംഭിച്ച ദുബായ്-ഷാര്‍ജ ഫെറി സര്‍വീസിന് യാത്രക്കാരുടെ സുസ്വാഗതം. ഗതാഗതക്കുരുക്കില്‍ കുടുങ്ങാതെ ദുബായില്‍നിന്ന് ഷാര്‍ജയിലേക്ക് ഇനി യാത്രപോകാം. ദുബായിലെ ഗുബൈബ ജലഗതാഗത സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അക്വേറിയം മറൈന്‍ സ്‌റ്റേഷന്‍ വരെയാണ് യാത്ര. റോഡ് ഗതാഗത അതോറിറ്റിയാണ് ഈ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നില്‍.
തിരക്കുള്ള സമയങ്ങളില്‍ അര മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്ന ഫെറിയില്‍ 35 മിനിറ്റുകൊണ്ട് സ്ഥലത്തെത്താം. 15 ദിര്‍ഹമാണ് സില്‍വര്‍ ക്ലാസ് ടിക്കറ്റ് നിരക്ക്്. ഗോള്‍ഡ് ക്ലാസ് യാത്രക്ക് 25 ദിര്‍ഹവും. അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്കും യാത്ര സൗജന്യം. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ ഒമ്പതു വരെയും വൈകീട്ട് നാലു മുതല്‍ എട്ടര വരെയുമാണ് അര മണിക്കൂര്‍ ഇടവിട്ട് സര്‍വീസ്. ദുബായില്‍ നിന്ന് ഓരോ ദിവസത്തെയും ആദ്യ ഫെറി പുലര്‍ച്ചെ 5.15ന് പുറപ്പെടും. അവസാനത്തേത് രാത്രി എട്ടുമണിക്കും. ഷാര്‍ജയിലെ ആദ്യ സര്‍വീസ് അഞ്ചു മണിക്കാണ്. അവസാന സര്‍വീസ് രാത്രി ഏഴരക്കും. തിരക്ക് അധികമില്ലാത്ത സമയങ്ങളില്‍ ഒന്നര മണിക്കൂര്‍ ഇടവേളയിലാണ് ഇരു വശത്തേക്കും ഫെറി പോവുക.
ഇരു വശങ്ങളിലേക്കും 21 എണ്ണം വീതം 42 സര്‍വീസുകളാണ് ദിവസേന നടത്തുകയെന്ന് ആര്‍.ടി.എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. റോഡിലെ തിരക്ക് കുറക്കുവാനും ഇരു എമിറേറ്റുകളും തമ്മിലെ സഹകരണം കൂടുതല്‍ ശക്തമാക്കുവാനും ഫെറി സര്‍വീസ് സഹായകമാവും. 125 യാത്രികര്‍ക്ക് സഞ്ചരിക്കാനാവുന്ന ഓരോ ബോട്ടിലും അഞ്ച് ജീവന്‍ രക്ഷാ വഞ്ചികള്‍, 110 ലൈഫ് ജാക്കറ്റുകള്‍, ആറ് ലൈഫ് ബോട്ടുകള്‍ എന്നിവയുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലെ എല്ലാ സൗകര്യങ്ങളും കോക്ക്പിറ്റിലുണ്ട്.