ദുബായ്- മുപ്പത്തഞ്ചു മണിക്കൂര്‍ നീണ്ട ദുരിതത്തിന് ശേഷം കൊച്ചിയിലേക്കുള്ള ദുബായ് വിമാനം ഒടുവില്‍ യാത്രയായി. സ്ത്രീകളും കുട്ടികളും രോഗികളുമടക്കം നൂറിലേറെ യാത്രക്കാരെയാണ് എയര്‍ ഇന്ത്യ കഷ്ടപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്കു ഒന്നരയ്ക്കു പുറപ്പെടേണ്ട 934 ഡ്രീം ലൈനര്‍ വിമാനം ദുബായില്‍നിന്നും പോയത് ഞായര്‍ രാത്രി പതിനൊന്നിന്.
സംഭവത്തില്‍ ഇടപെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി വിഷയം ചര്‍ച്ച ചെയ്തതായും വിമാനം ഞായര്‍ യു.എ.ഇ സമയം വൈകിട്ട് ഏഴരക്കു പുറപ്പെടുമെന്നും അറിയിച്ചിരുന്നു. എന്‍ജിനീയര്‍മാരെത്തി അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഈ സമയത്ത് പോകാന്‍ കഴിഞ്ഞില്ല.
വൈകിട്ടോടെ യാത്രക്കാരെ ഹോട്ടലില്‍നിന്നു വിമാനത്താവളത്തിലെത്തിച്ചെങ്കിലും പറക്കല്‍ വീണ്ടും അനിശ്ചിതമായി നീണ്ടു. വിമാനത്തിനകത്ത് കയറ്റി വീണ്ടും മണിക്കൂറോളം ഇരുത്തി. ശീതീകരണി പ്രവര്‍ത്തിക്കാത്തതിനാല്‍ കഠിനമായ ചൂടില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചു. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞു.
ബോര്‍ഡിംഗ് പാസ് നല്‍കി യാത്രക്കാരെ വിമാനത്തില്‍ കയറ്റി മൂന്നു മണിക്കൂറിനുശേഷം, സാങ്കേതിക തകരാറെന്നു പറഞ്ഞു പുറത്തിറക്കി. കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ പോലും അധികൃതര്‍ തയാറായില്ല. പകരം വിമാനം ഏര്‍പ്പെടുത്താനും ശ്രമിച്ചില്ല.