പട്‌ന- ദുര്‍ഗാ ക്ഷേത്രത്തില്‍ വെച്ച് സ്വന്തം കഴുത്തറുത്തയാള്‍ ഗുരുതരാവസ്ഥയില്‍. ബിഹാറിലെ അറ പട്ടണത്തിലെ ക്ഷേത്രത്തിനുള്ളില്‍ നടന്ന സംഭവത്തില്‍ ലല്ലന്‍ റാം എന്നയാള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണെന്ന് പോലീസ് പറഞ്ഞു.
കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ സിമ്രാഹ ഗ്രാമവാസിയായ ലല്ലന്‍ റാമിനെ ആദ്യം സദര്‍ ആശുപത്രിയിലും പിന്നീട് പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലും(പിഎംസിഎച്ച്) പ്രവേശിപ്പിച്ചു. 40 കാരനായ ലല്ലന്‍ റാം കാര്‍ഷിക തൊഴിലാളിയായാണ് അറയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇത്തരമൊരു കടുംകൃത്യത്തിനു പ്രേരിപ്പിച്ചതിനു പിന്നിലെ കാരണം ബന്ധുക്കളില്‍നിന്ന് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
കാരണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് അറ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ചന്ദ്രശേഖര്‍ ഗുപ്ത പറഞ്ഞു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്താന്‍ കാത്തിരിക്കയാണെന്നും തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസെത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ ദുര്‍ഗാ ക്ഷേത്രത്തിന്റെ ഗേറ്റിനടുത്ത് എത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.
ദേവിയെ വന്ദിച്ച ശേഷം കഠാര പുറത്തെടുത്ത് കഴുത്ത് മുറിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നതിനു മുമ്പ് ഇയാള്‍ തറയിലേക്ക് വീണിരുന്നു. രക്തം ഒഴുകിക്കൊണ്ടിരിക്കെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നും ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഈ സമയത്ത് ധാരാളം ഭക്തര്‍ അവിടെ ഉണ്ടായിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തെന്നെ ആശുപ്രതിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ സദര്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.