ന്യൂദൽഹി- രാജ്യസഭയിൽ ജയ്പാൽ റെഡ്ഢിയെ അനുസ്മരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു. കോൺഗ്രസ് നേതാവായിരുന്ന ജയ്പാൽ റെഡ്ഢി കഴിഞ്ഞദിവസം മരിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാംഗവുമായ ജയ്പാൽ റെഡ്ഢിയെ അനുസ്മരിച്ചുള്ള ഔദ്യോഗിക പ്രമേയം വായിക്കുന്നതിനിടെയാണ് വെങ്കയ്യ നായിഡു പൊട്ടിക്കരഞ്ഞത്.
പ്രഗത്ഭനായ പ്രാസംഗികനും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു റെഡ്ഢിയെന്ന് വെങ്കയ്യ നായിഡു അനുസ്മരിച്ചു. റെഡ്ഢിക്കൊപ്പം രണ്ടു തവണ ആന്ധ്രപ്രദേശ് അസംബ്ലിയിൽ പ്രവർത്തിച്ച കാര്യവും നായിഡു ഓർത്തെടുത്തു. രണ്ടു പേരും തൊട്ടടുത്തുള്ള ഇരിപ്പിടങ്ങളിലായിരുന്നു ഇരുന്നതെന്നും വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും നായിഡു അനുസ്മരിച്ചു. നാലു ദശാബ്ദത്തോളം നീണ്ടുനിന്ന റെഡ്ഢിയുടെ നിയമസഭാ പ്രവർത്തനങ്ങളും നായിഡു വിശദീകരിച്ചു. നാൽപതുകൊല്ലത്തിലേറെയുള്ള ഞങ്ങളുടെ ബന്ധം വിശദീകരിക്കുമ്പോൾ എന്നിൽനിന്ന് പുറപ്പെട്ടുവരുന്ന വികാരത്തെ നിയന്ത്രിക്കാനാകാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ആ കാലത്ത് അസംബ്ലി രാവിലെ എട്ടുമണിക്കാണ് ചേരാറുള്ളത്. ഞങ്ങൾ ഏഴുമണിക്ക് തന്നെയെത്തും. പ്രഭാത ഭക്ഷണത്തിനൊപ്പം ഞങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ആകാശത്തിന് കീഴിലുള്ള എല്ലാ സംഭവങ്ങളും തങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം എന്റെ കൂട്ടുകാരനായിരുന്നു. എനിക്ക് വഴികാട്ടിയായി. അദ്ദേഹത്തേക്കാൾ ആറുവയസിന് ഇളയതാണ് ഞാൻ. വെങ്കയ്യ നായിഡു പറഞ്ഞു.