മുംബൈ-ബിഹാര്‍ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുംബൈ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡി.എന്‍.എ. പരിശോധനക്കായി രക്തസാമ്പിള്‍ നല്‍കാന്‍ ബിനോയ് കോടിയേരിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയത്.
കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന ആവശ്യമാണെന്നായിരുന്നു പോലീസിന്റെ വാദം. ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ബിനോയ് കോടിയേരി വിസമ്മതിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. നേരത്തെ രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പിന്നീട് ഹൈക്കോടതി ഹരജി പരിഗണിക്കുന്നുണ്ടെന്നുമാണ് ബിനോയ് പോലീസിനോട് പറഞ്ഞിരുന്നത്.